ഖത്തറിലേത് അവസാന ലോകകപ്പായിരിക്കുമെന്ന സൂചന നല്‍കി ലയണല്‍ മെസി


ഖത്തറിലേത് അവസാന ലോകകപ്പായിരിക്കുമെന്ന സൂചന നല്‍കി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്നാണ് മെസി വ്യക്തമാക്കിയിരിക്കുന്നത്.


ഫൈനല്‍ മത്സരത്തോടെ ലോകകപ്പ് കരിയര്‍ അവസാനിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അര്‍ജന്റീനിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മെസി പറഞ്ഞു.


അടുത്ത ലോകകപ്പിന ഒരുപാട് വര്‍ഷങ്ങളുണ്ട്. ഇനിയും എനിക്ക് ഇതുപോലെ കളിക്കാനാവുമെന്ന് കരുതുന്നില്ല. ഈ രീതിയില്‍ കരിയര്‍ പൂര്‍ത്തിയാക്കുന്നതാണ് നല്ലത്. റെക്കോര്‍ഡുകളല്ല ടീമിന്റെ ലക്ഷ്യം നേടുന്നതിനാണ് താന്‍ പ്രധാന്യം നല്‍കുന്നത്. ഒരു ചുവട് മാത്രം അകലെയാണ് ഞങ്ങള്‍. ലോകകപ്പ് എന്ന ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ പരമാവധി പരിശ്രമിക്കുമെന്നും മെസി പറഞ്ഞു.

സൗദി അറേബ്യയോട് ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് ശേഷമുള്ള ഓരോ മത്സരവും തങ്ങള്‍ക്ക് ഫൈനലായിരുന്നുവെന്ന് ലയണല്‍ മെസി പറഞ്ഞിരുന്നു. ആദ്യമത്സര ഫലം കനത്ത തിരിച്ചടിയായിരുന്നു. ആറ് മത്സരങ്ങള്‍ തോല്‍ക്കാതെയാണ് സൗദിക്കെതിരെ അര്‍ജന്റീന ഇറങ്ങിയത്. സൗദി അറേബ്യക്കെതിരെ തോല്‍ക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പിന്നീട് ഓരോ മത്സരവും ഞങ്ങള്‍ക്ക് ആസിഡ് പരീക്ഷണമായിരുന്നു. പക്ഷേ ശക്തരാണെന്ന് ഞങ്ങള്‍ തെളിയിച്ചു. മറ്റ് മത്സരങ്ങള്‍ ജയിച്ചു. വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് ഞങ്ങള്‍ ചെയ്തത്. ഓരോ മത്സരവും ഞങ്ങള്‍ക്ക് ഫൈനലായിരുന്നു. മത്സരം തോല്‍ക്കുകയാണെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്ന് അറിയാമായിരുന്നുവെന്നും മെസി പറഞ്ഞു.



Sharing is Caring