ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ പ്രതികരണവുമായി അമേരിക്ക


വാഷിങ്ടണ്‍: അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികരണവുമായി അമേരിക്ക.ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എത്രയും വേഗം അവസാനിച്ചതില്‍ അമേരിക്കക്ക് സന്തോഷമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി പ്രതികരിച്ചു.


സ്ഥിതിഗതികള്‍ യു.എസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ ഉഭയകക്ഷി മാര്‍ഗം ഉപയോഗിക്കണമെന്ന് ഇരു രാജ്യങ്ങളോടും ആവശ്യപ്പെടുകയാണെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി.ഡിസംബര്‍ ഒമ്ബതിനാണ് അരുണാചല്‍ പ്രദേശിലെ തവാങ് യാങ്ത്സെ തിര്‍ത്തി പ്രദേശത്ത് ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയത്. യഥാര്‍ഥ നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ പ്രദേശത്തേക്ക് അതിക്രമിച്ച കടക്കാനുള്ള ശ്രമം അറുന്നൂറോളം വരുന്ന ചൈനീസ് സൈനികരുടെ ശ്രമം ഇന്ത്യന്‍ സൈനികര്‍ പ്രതിരോധിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൈകാലുകള്‍ ഒടിഞ്ഞ ഏതാനും ഇന്ത്യന്‍ സൈനികര്‍ ഗുവാഹതി ആശുപത്രിയില്‍ ചികിത്സയിലാണ്.


ചൈനയുടെ സൈനികര്‍ക്കും പരിക്കേറ്റുവെന്നാണ് അനൗദ്യോഗിക വിവരം. ഏറ്റുമുട്ടലിന് പിന്നാലെ ഇരുകൂട്ടരും പ്രദേശത്തുനിന്ന് പിന്‍വാങ്ങി.തവാങ് സംഘര്‍ഷത്തെ കുറിച്ച്‌ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്നലെ പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യന്‍ ഭൂപ്രദേശത്തിന്‍റെ അഖണ്ഡത കാത്തുസുക്ഷിക്കാന്‍ സേന പ്രതിജ്ഞാബദ്ധമാണെന്നും അത്തരം ഏതു നീക്കവും ചെറുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷം രംഗത്തു വന്നു. ചൈനയുടെ കൈയേറ്റത്തിനു മുന്നില്‍ സര്‍ക്കാര്‍ നിശ്ശബ്ദ കാഴ്ചക്കാരായി നില്‍ക്കുന്നത് രാജ്യസുരക്ഷയും അതിര്‍ത്തി ഭദ്രതയും അപകടത്തിലാക്കുന്നുവെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി.അരുണാചല്‍ പ്രദേശ് അതിര്‍ത്തി മേഖലയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം ആദ്യമല്ല. അതിര്‍ത്തി വ്യക്തമായി തിരിക്കാന്‍ കഴിയാത്ത ഈ മേഖലയില്‍ നിരീക്ഷണ യാത്രക്കിടയില്‍ സൈനികര്‍ തമ്മില്‍ ഉരസല്‍ ഉണ്ടാകാറുണ്ട്.

2021 ഒക്ടോബറിലും സംഘര്‍ഷം ഉണ്ടായിരുന്നു. പട്രോളിങ് നടത്തിയ ചൈനീസ് സേന ഇന്ത്യയുടെ സൈനികരെ മണിക്കൂറുകള്‍ തടഞ്ഞുവെച്ചിരുന്നു.2020 ജൂണ്‍ 15നാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ചൈനീസ് ലിബറേഷന്‍ ആര്‍മിയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൈനയുടെ 40 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. പ്യോങ്യാങ് തടാകത്തിന്‍റെ തെക്കന്‍ തീരത്താണ് അന്ന് സംഘര്‍ഷമുണ്ടായത്. തുടര്‍ച്ചയായ ചര്‍ച്ചകളിലൂടെ ചില മേഖലകളില്‍ സംഘര്‍ഷസ്ഥിതിക്ക് അയവു വന്നെങ്കിലും എല്ലായിടത്തും സമാനമായ സാഹചര്യമില്ല.



Sharing is Caring