ആലപ്പുഴയില്‍ എല്‍.ജി.ബി.ടി.ക്യൂ.ഐ വിഭാഗത്തിനെതിരെ വ്യാപകമായി പോസ്റ്ററുകള്‍.

ആലപ്പുഴയില്‍ എല്‍.ജി.ബി.ടി.ക്യൂ.ഐ വിഭാഗത്തിനെതിരെ വ്യാപകമായി പോസ്റ്ററുകള്‍. സ്വവര്‍ഗാനുരാഗം വൈകൃതമാണെന്നും അതിന് പ്രകൃതിയെ കൂട്ടുപിടിക്കുന്നത് എന്തിനാണെന്നതുള്‍പ്പെടെ ഉള്ള വാചകങ്ങളാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത് ആരാണെന്നത് സംബന്ധിച്ച വിവരമില്ല. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്.
പ്രൈഡ് അവയര്‍നെസ് ക്യാമ്പയില്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ ഞായറാഴ്ച നടക്കാനിരുന്ന പ്രൈഡ് മാര്‍ച്ചിന് മുന്നോടിയായാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴ ടൗണിലുള്ള ചെത്തുതൊഴിലാളി യൂണിയന്‍ ഹാളില്‍ പ്രൈഡ് മാര്‍ച്ചിന് മുന്നോടിയായി സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. ഈ ഹാളിന്റെ മതിലുകളിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.

#protectfamilyvalues എന്ന ഹാഷ്ടാഗും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഴവില്ലിനെ അപഹരിക്കുന്നത് നിര്‍ത്തണമെന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്.
പോസ്റ്റര്‍ ആരാണ് പതിപ്പിച്ചതെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ഉള്‍പ്പെടുത്താതെയാണ് തെരുവുകളില്‍ വ്യാപകമായി പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.
സ്വവര്‍ഗാനുരാഗികളായവരിലാണ് മങ്കിപോക്‌സ് വ്യാപകമായി പ്രചരിക്കുന്നത് എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നേരത്തെ വന്നിരുന്നു. വൈറസ് ബാധിച്ച ആരുമായും അടുത്തിടപെഴകുന്നത് രോഗം പകരാനിടയാകുമെന്നിരിക്കെ ഗേ, ബൈസെക്ഷ്വല്‍ എന്നിവരിലൂടെയാണ് രോഗം പടരുന്നതെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനെതിരെ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭയുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

കേരളത്തില്‍ എല്‍.ജി.ബി.ടി. വിഭാഗത്തിനെതിരായ പോസ്റ്ററുകള്‍ പതിപ്പിച്ച സംഭവത്തെ അപലപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *