മന്ത്രിസഭാ പുനഃസംഘടന ഡിസംബറില്‍ തന്നെ നടത്താന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം


മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം ഡിസംബറില്‍ തന്നെ നടത്താന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി. കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ് കുമാറും മന്ത്രിമാരാകും. തീയതി വ്യക്തമാക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടെങ്കിലും നവകേരള സദസിന് ശേഷം നടക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആര്‍ജെഡി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. നവംബര്‍ 19നാണ് രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്നത്.


എല്‍ഡിഎഫിലെ ധാരണ പ്രകാരമുള്ള മന്ത്രിസഭാ പുനഃസംഘടന അതിന് മുന്‍പ് നടക്കേണ്ടതായിരുന്നു. ഇതേസമയത്ത് നവകേരള സദസ് നിശ്ചയിച്ചതാണ് പുനഃസംഘടനയുടെ തീയതി സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കിയത്.പുനഃസംഘടന ഡിസംബര്‍ 24ന് ശേഷം മതിയെന്ന മുഖ്യമന്ത്രിയുടെ നിലപാട് യോഗം അംഗീകരിച്ചു.


മന്ത്രിസഭയുടെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നവകേരള സദസില്‍ ഇപ്പോഴത്തെ മന്ത്രിമാര്‍ എല്ലാവരും ഉണ്ടാകുന്നതാണ് ഉചിതമെന്നായിരുന്നു തീരുമാനം. ഗതാഗത മന്ത്രി ആന്റണി രാജു, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്ക് പകരമാണ് കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും മന്ത്രിമാരാകുന്നത്. ഇവരുടെ വകുപ്പുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നാണ് വിവരം.



Sharing is Caring