സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും ഇനി എല്‍ഡിഎഫ് ഭരണം

സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും ഇനി എല്‍ഡിഎഫ് ഭരണം. നേരത്തെ ഭരണം ഉറപ്പിച്ച കോഴിക്കോടിനും കൊല്ലത്തിനും പിന്നാലെ കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് മേയര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെ മേയര്‍ സാന്നിദ്ധ്യം കൊച്ചിയില്‍ മാത്രം ഒതുങ്ങി. സിപിഎമ്മിലെ വി കെ സി മമ്മദ് കോയയാണ് കോഴിക്കോട് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ പിന്തുണയോടെ സിപിഎമ്മിലെ ഇ പി ലത കണ്ണൂര്‍ കോര്‍പ്പറേഷനിലെ പ്രഥമ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 55 അംഗ കോര്‍പ്പറേഷനില്‍ 27 അംഗങ്ങള്‍ വീതമാണ് എല്‍ഡിഎഫിനും യുഡിഎഫിനും ഉള്ളത്. ഇതോടെയാണ് കോണ്‍ഗ്രസ് വിമതനായി വിജയിച്ച പി കെ രാഗേഷിന്റെ വോട്ട് നിര്‍ണാകയമായത്. തൃശൂരില്‍ സിപിഎമ്മിലെ അജിത ജയരാജന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 55 അംഗങ്ങളുള്ള കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് 25ഉം യുഡിഎഫിന് 21ഉം അംഗങ്ങളുടെ പിന്തുണയാണുള്ളത്. കൊല്ലത്ത് വി രാജേന്ദ്രബാബുവാണ് മേയറായി ചുമതലയേറ്റത്. 55 അംഗ കോര്‍പ്പറേഷനില്‍ 36 അംഗങ്ങളുടെ പിന്തുണയോടെ വ്യക്തമായ ഭൂരിപക്ഷത്തിലാണ് അദ്ദേഹം മേയറായത്. തിരുവനന്തപുരത്ത് സി.പി.എമ്മിലെ വി.കെ പ്രശാന്താണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 42 വോട്ട് നേടിയാണ് 100 അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രശാന്ത് മേയറായത്. 43 അംഗങ്ങള്‍ എല്‍.ഡി.എഫിനുണ്ടായിരുന്നെങ്കിലും ഇതില്‍ ഒരാളുടെ വോട്ട് അസാധുവായി. കൊച്ചിയില്‍ കോണ്‍ഗ്രസിലെ സൗമിനി ജെയിന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 74 അംഗ കൗണ്‍സിലില്‍ 41 വോട്ട് നേടിയാണ് സൗമിനി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് സിപിഎം വിതരുടേയും ഒരു കോണ്‍ഗ്രസ് വിമതന്റേയും പിന്തുണയോടെയാണ് 41 വോട്ട് ലഭിച്ചത്. കൊച്ചി കോര്‍പ്പറേഷന്റെ 21ാമത് മേയറാണ് സൗമിനി ജെയിന്‍. എല്‍ഡിഎഫിന്റെ ഡോ. പൂര്‍ണിമ നാരായണന് 30 വോട്ടാണ് ലഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *