ഹരിത കർമ്മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറിയ വീട്ടുടമയ്ക്ക് 10,000 രൂപ പിഴ


മാലിന്യം നീക്കം ചെയ്യുക എന്ന സേവനവുമായി നമുക്ക് മുൻപിലെത്തുന്നവരാണ് ഹരിത കർമ്മസേന. ഒരു ജോലിയായിട്ടാണ് അവർ അത് ചെയ്യുന്നതെങ്കിലും ഇന്ന് സമൂഹത്തിൽ അത് വിലമതിക്കാനാകാത്ത ഒരു സഹായം തന്നെയാണ്. കാരണം മാലിന്യപ്രശ്നങ്ങൾ അത്രമേൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മാലിന്യ ശേഖരണത്തിനായി വീടുകളിലെത്തുന്ന ഹരിത കർമ്മസേനാംഗങ്ങളോട് മര്യാദയോടെ പെരുമാറണം എന്ന് ഓർമ്മിപ്പിക്കുകയാണ് കൊല്ലം ജില്ലയിൽ നിന്നും പുറത്തുവരുന്ന് ഒരു വാർത്ത.


ഹരിത കർമ്മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറിയ വീട്ടുടമയ്ക്ക് ഗ്രാമപഞ്ചായത്ത് 10,000 രൂപ പിഴയിട്ടു.പന്മന ഗ്രാമപഞ്ചായത്തിലെ മാവേലി വാർഡിൽ പ്ലാസ്റ്റിക് ശേഖരണത്തിനെത്തിയ ഹരിത കർമ്മ സേനാംഗങ്ങളോടാണ് വീട്ടുടമ മോശമായി പെരുമാറിയത്. മാലിന്യം എടുക്കാനെത്തിയവർക്ക് പ്ലാസ്റ്റിക് നൽകാന്‌ വിസമ്മതിച്ച ഇയാൾ സ്കാൻ ചെയ്യുന്നതിന് വീടിന് മുന്നിൽ പതിച്ചിരുന്ന ക്യു ആർ കോഡ് സ്റ്റിക്കർ കീറി കളയുകയും സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും ചെയ്തു.


സേനാംഗങ്ങൾ വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ സെക്രട്ടറി നേരിട്ടെത്തി വീട്ടുടമയ്ക്ക് പിഴയടക്കാൻ നോട്ടീസ്‍ നൽകി.ഹരിത കർമ്മ സേനാംഗങ്ങളുമായി സഹകരിക്കാത്ത വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി പിഴ ചുമത്തുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.



Sharing is Caring