നന്ദിനി പാലിന്‍റെ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യമുയര്‍ത്തി കര്‍ണാടക മില്‍ക്ക് ഫെഡറേഷൻ (കെഎംഎഫ്). നന്ദിനി പാലിന്‍റെ വില രണ്ട് രൂപ കൂട്ടി ഒരു വര്‍ഷം പോലും കഴിയും മുമ്പാണ് വീണ്ടും കെഎംഎഫ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ, പാല്‍ വില അഞ്ച് രൂപ കൂട്ടണമെന്നുള്ള കെഎംഎഫിന്‍റെ ആവശ്യം കര്‍ണാടയില്‍ ഭരണത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ തള്ളിയിരുന്നു.
തുടര്‍ന്ന് 2022 നവംബറില്‍ രണ്ട് രൂപ കൂട്ടാനുള്ള അനുമതി നല്‍കുകയായിരുന്നു.കുത്തനെ ഉയര്‍ന്ന ചെലവ് കാരണം നട്ടംതിരിയുന്ന കർഷകരെയും പാൽ സംഭരണം ഗണ്യമായി കുറഞ്ഞതിനെത്തുടർന്ന് വർധനവ് ആവശ്യപ്പെട്ട ജില്ലാ പാൽ യൂണിയനുകളെയും ഈ വര്‍ധന തൃപ്തിപ്പെടുത്തിയിരുന്നില്ല. നിലവില്‍ ലിറ്ററിന് 39 രൂപയുള്ള നന്ദിനി പാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞവയിൽ ഒന്നാണ്. വില വർധിപ്പിക്കാൻ ഫെഡറേഷനിൽ, യൂണിയനുകളുടെയും കർഷകരുടെയും സമ്മർദ്ദമുണ്ടെന്ന് ജൂൺ 21 ന് കെഎംഎഫ് ചെയർമാനായി ചുമതലയേറ്റ കോൺഗ്രസ് നേതാവും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ ഭീമാ നായിക് പറഞ്ഞു.














