സൗത്ത് ഏഷ്യൻ ഫുട്ബാള്‍ ഫെഡറേഷൻ (സാഫ്) കപ്പില്‍ രണ്ടാം മത്സരത്തിലും ആവേശ ജയവുമായി സെമിഫൈനലില്‍ ഇടംനേടിയ കുവൈത്ത് ഫൈനല്‍ പ്രതീക്ഷയില്‍.ഇന്ത്യയിലെ ബംഗളൂരുവില്‍ നടക്കുന്ന ചാമ്ബ്യൻഷിപ്പില്‍ ഇതുവരെ മികവാര്‍ന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചത്.ശനിയാഴ്ച ഗ്രൂപ് എ യിലെ മൂന്നാം മത്സരത്തില്‍ ആദ്യവസാനം കളംനിറഞ്ഞ കുവൈത്ത് ടീം പാകിസ്താനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് മുക്കിയത്. മുബാറക് അല്‍ഫനീനി ഇരട്ട ഗോളും (17, 45+1 മിനിറ്റ്) ഹസൻ അലനെസി, ഈദ് അല്‍റാഷിദി എന്നിവര്‍ ഓരോ ഗോളും നേടി ടീമിനെ വൻ വിജയത്തിലേക്ക് നയിച്ചു.
ഗ്രൂപ് എയിലെ ഉദ്ഘാടന മത്സരത്തില്‍ കുവൈത്ത് ടീം നേപ്പാളിനെ 3-1ന് പരാജയപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ രണ്ടു ജയത്തോടെ നാലു ടീമുകളുള്ള ഗ്രൂപ് എ യില്‍നിന്ന് കുവൈത്ത് സെമിഫൈനല്‍ യോഗ്യതനേടി. അവസാന ഗ്രൂപ് മത്സരത്തില്‍ ചൊവ്വാഴ്ച കുവൈത്ത് ഇന്ത്യയെ നേരിടും. ഇന്ത്യയും സെമി യോഗ്യത നേടിയതിനാല്‍ ഗ്രൂപ് ചാമ്ബ്യൻമാരെ നിര്‍ണയിക്കുന്നതാകും ഈ മത്സരം.

ഗ്രൂപ് ബി യില്‍നിന്ന് സെമി യോഗ്യത നേടിയ ലബനാൻ, മാലദ്വീപ് ടീമുകളില്‍ ഒന്നിനെയാകും കുവൈത്തിന് നേരിടേണ്ടിവരുക. ഏതു ടീം എതിരായാലും മികച്ച പ്രകടനം തുടര്‍ന്ന് ഫൈനലില്‍ എത്താണ് കുവൈത്തിന്റെ ശ്രമം. ആദ്യമായാണ് സാഫ് കപ്പില്‍ കുവൈത്ത് പങ്കാളികളാകുന്നത്. ലബനാനും ആദ്യ ചാമ്ബ്യൻഷിപ്പാണിത്.
ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, കുവൈത്ത്, ലബനാൻ, മാലദ്വീപ്, നേപ്പാള്‍, പാകിസ്താൻ എന്നിങ്ങനെ എട്ടു ടീമുകളാണ് ചാമ്ബ്യൻഷിപ്പിലുള്ളത്.













