ഇ ബസ് വിവാദത്തിനിടെ ബസുകളുടെ വരവ് ചെലവിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി ഇന്ന് ഗതാഗത മന്ത്രിക്ക് സമര്‍പ്പിക്കും. മന്ത്രി ഇന്ന് തിരുവനന്തപുരം ജില്ലയിലെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ മന്ത്രി നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാകും ഇനി ഇ ബസ് വാങ്ങുന്നതിലടക്കം തീരുമാനം.
ഇ ബസ് നിലനിര്‍ത്തി ടിക്കറ്റ് നിരക്ക് കൂട്ടുന്നതും പരിഗണനയിലുണ്ടെന്നാണ് വിവരം. ഇ ബസില്‍ പൊള്ളുകയാണ് സര്‍ക്കാര്‍. നഷ്ടമായ ഇ ബസുകള്‍ ഇനി വാങ്ങില്ലെന്നാണ് കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. കിഫ്ബി വഴിയും സ്മാര്‍ട്ട് സിറ്റി പദ്ധതി വഴിയും പുതുതായി 45 വാങ്ങാനുള്ള തീരുമാനവും മരവിപ്പിച്ച നിലയിലാണ്. കെഎസ്ആര്‍ടിസിയുട വാര്‍ഷിക റിപ്പോര്‍ട്ടില്‍ തലസ്ഥാനത്ത് ഓടുന്ന ഇ ബസുകള്‍ ലാഭത്തിലാണ്. അത് പക്ഷേ ഓപ്പറേറ്റിംഗ് കണക്ക് അനുസരിച്ചുള്ള റിപ്പോര്‍ട്ടാണ്.
ഓരോ ബസിന്റെയും റൂട്ട് അനുസരിച്ച് പ്രത്യേകം പ്രത്യേകം റിപ്പോര്‍ട്ടാണ് മന്ത്രി ആവശ്യപ്പെട്ടത്.സിഎംഡി വിദേശത്തായതിനാല്‍ കെഎസ്ആര്‍ടിസി ജോയിന്റ് എംഡിയായിരിക്കും റിപ്പോര്‍ട്ട് കൈമാറുക. റിപ്പോര്‍ട്ടിന്മേല്‍ മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കും. ലാഭമായാലും നഷ്ടമായാലും ഇ ബസില്‍ നിന്ന് സര്‍ക്കാരിന് എളുപ്പം പിന്നോട്ട് പോകാനാകില്ല.