ആലുവയിൽ നിന്ന് കാണാതായ കെഎസ്ആർടിസി ബസ് കണ്ടെത്തി

ആലുവയിൽ നിന്ന് കാണാതായ കെഎസ്ആർടിസി ബസ് കണ്ടെത്തി. എറണാകുളം നോർത്ത് പൊലീസാണ് കലൂർ ഭാഗത്തുനിന്നും ബസ് പിടികൂടിയത്. ബസ് മോഷ്ടിച്ചയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് മറ്റ് വാഹനങ്ങളിൽ ഇടിച്ചു. കോഴിക്കോട് ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസ്സഞ്ചർ ബസാണ് മോഷണം പോയത്. കെഎസ്ആർടിസി ആലുവ സ്റ്റാന്റിൽ നിർത്തിയിട്ട ബസ് കള്ളൻ ഓടിച്ച് പോവുകയായിരുന്നു.

മെക്കാനിക്കൽ ജീവനക്കാരന്റെ വേഷത്തിൽ എത്തിയ ആളാണ് ബസ് ഓടിച്ചു കൊണ്ടുപോയത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് 1.30 ന് പോകേണ്ട ബസ്സ് നേരത്തെ പോയതിൽ സംശയം തോന്നിയ ഡിപ്പോയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാർ ഇയാളെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല..ആലുവയിൽ നിന്ന് എറണാകുളം നോർത്ത് ഭാഗത്തേയ്ക്കാണ് ബസ് വന്നത്.

വഴിയിൽ നാല് കാറുകളടക്കം നിരവധി വാഹനങ്ങളിൽ ബസ് തട്ടിയതായും റിപ്പോർട്ടുണ്ട്. തുടർന്ന് ആലുവ ഈസ്റ്റ് പോലീസിൽ കെഎസ്ആർടിസി അധികൃതർ പരാതി നൽകി. പോലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ എറണാകുളം ഭാഗത്തേക്ക് അപകടകരമായ രീതിയിൽ കെ.എസ്ആർടിസി ബസ്സ് പോകുന്നതായി ചിലർ ഫോൺ വിളിച്ച് പരാതിപ്പെട്ടു.

തുടർന്ന് നോർത്ത് പോലീസ് കലൂരിനടുത്ത് വെച്ച് ബസ്സ് പിടികൂടി. ഇതിനിടയിൽ നാലോളം കാറുകളിലും മറ്റ് വാഹനങ്ങളിലും ബസ്സ് ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മലപ്പുറം സ്വദേശി ഹരീഷ് ആണ് ബസ്സ് കടത്തികൊണ്ടുപോയത്. ഇയാൾക്ക് മാനസിക ആസ്വാസ്ഥ്യം ഉള്ളതായി പോലീസ് വ്യക്തമാക്കുന്നു. എതായാലും തിരക്കേറിയ കൊച്ചിയിലൂടെ ഇത്രയും വേഗത്തിൽ ബസ്സ് ഓടിച്ചിട്ടും കൂടുതൽ അപകടമൊന്നും ഉണ്ടാക്കിയില്ലല്ലോ എന്ന ആശ്വാസത്തിലാണ് പോലീസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി . നേരത്തെ കൊട്ടാരക്കരയിലും സമാനമായ രീതിയിൽ കെഎസ്ആർടിസി ബസ് മോഷണം പോയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *