വാഴയില ലൈനിൽ മുട്ടിയെന്ന പേരിൽ നൂറുകണക്കിന് കുലവാഴകൾ വെട്ടിനിരത്തി കെ.എസ്.ഇ.ബി


കോതമംഗലം : വാഴയില ലൈനിൽ മുട്ടിയെന്ന പേരിൽ നൂറുകണക്കിന് കുലവാഴകൾ വെട്ടിനിരത്തി കെ.എസ്.ഇ.ബി. വാരപ്പെട്ടിയിൽ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയിൽ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാർ വെട്ടിനശിപ്പിച്ചത്.


ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒൻപത് മാസം പ്രായമായ കുലവാഴകളാണിത്. ദിവസങ്ങൾക്കകം വെട്ടി വിൽക്കാനാവുംവിധം മൂപ്പെത്തുന്ന കുലകളാണ് ഉപയോഗശൂന്യമായതെന്ന് തോമസിന്റെ മകൻ അനീഷ് പറഞ്ഞു.


വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാർ വാഴകൾ വെട്ടിയതെന്ന് അനീഷ് വ്യക്തമാക്കി. രണ്ടര ഏക്കറിൽ 1600 ഏത്തവാഴകളാണുള്ളത്. ഇതിൽ അര ഏക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്.



Sharing is Caring