ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ വിഗ്രഹം ക്ഷേത്ര കിണറില്‍ നിന്നും പോലീസ് കണ്ടെടുത്തു


കൊയിലാണ്ടി: മുചുകുന്ന് വാഴയില്‍ ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ ഗണപതി വിഗ്രഹം ക്ഷേത്ര കിണറില്‍ നിന്നും പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ സമീപവാസിയായ 16 കാരനെ പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ 24 ന് പൂജാരി ക്ഷേത്രം അടച്ചു പോയതായിരുന്നു. 25 ന് ക്ഷേത്രം തുറന്നപ്പോഴാണ് വിഗ്രഹം മോഷണം പോയത് അറിയുന്നത്. തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. സി.ഐ.ഉണ്ണിക്യഷ്ണന്‍, എസ്.ഐ. ബാബുരാജ്, സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ഗിരീഷ്, സി.പി.ഒ. ഇ. ഗണേഷന്‍, കെ.ചന്ദ്രന്‍ തുടങ്ങിയവരാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനിടയില്‍ സംശയം തോന്നിയ 16 കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മോഷണം നടത്തിയ ശേഷം ക്ഷേത്രത്തിലെ കിണറ്റില്‍ വിഗ്രഹം ഇട്ട വിവരം ലഭിക്കുന്നത്. വിഗ്രഹം കോടതിയില്‍ ഉടന്‍ തന്നെ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.




Sharing is Caring