ബസ് സ്റ്റാൻ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായ സോളസ് ആഡ് സൊല്യൂഷൻസിൻ്റെ കൊവിഡ് കാല ഇളവു നൽകണമെന്ന ആവശ്യം കൊയിലാണ്ടി നഗരസഭ കൗൺസിൽ നിഷേധിച്ചു; പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് നടപടി

കൊയിലാണ്ടി: കോവിഡ് കാല ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് സോളസ് ആഡ് സൊല്യൂഷൻസ് നൽകിയ അപേക്ഷ കൗൺസിൽ തിരിച്ചയച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിലാണ് അപേക്ഷ വീണ്ടും ധനകാര്യ വകുപ്പിൻ്റെ തീരുമാനത്തിനായി തിരിച്ചയച്ചത്. ബസ്സ് സ്റ്റാൻ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് അനധികൃതമായി ബസ്സ്സ്റ്റാൻ്റിലെ ഒരു മുറി രേഖകളില്ലാതെ കയ്യടക്കിവെക്കുകയും ബസ്സ്സ്റ്റാൻ്റ് പരിപാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച ഉണ്ടാക്കുകയും, നഗരസഭ അറിയാതെ ബസ് സ്റ്റാൻ്റിൽ ടെലിവിഷൻ സ്ഥാപിച്ച് പരസ്യം നൽകുന്നതിനുള്ള നടത്തിപ്പ് വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ വിഷ്വൽ മീഡിയ എന്ന സ്ഥപനത്തിന് കൈമാറുകയും, അനധികൃതമായി കൈയ്യേറിയ മുറിയിൽ വിജയ വിഷ്വൽ മീഡിയ എന്ന സ്ഥാപനത്തിൻ്റെ ബോർഡ് വെക്കുകയും ചെയ്ത സംഭവത്തിൽ നേരത്തെ ചില മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇതേ തുടർന്ന് വലിയ വിവാദത്തിനാണ് അന്ന് നഗരസഭ കൗൺസിൽ സാക്ഷ്യം വഹിച്ചത്. തുടർന്ന് ബോർഡ് മാറ്റിവെച്ചതല്ലാതെ നഗരസഭയുടെ ബസ്സ്റ്റാൻ്റിലെ ഈ മുറി ഇപ്പോഴും ഇവരുടെ കൈവശം തന്നെയാണ് ഉള്ളത്. ഇവർക്ക് ഇങ്ങനെ ഒരു മുറി നഗരസഭ രേഖാമൂലം കൊടുത്തിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിന് മറുപടി ലഭിച്ചത്.

2014ൽ നഗരസഭയും ഈ സ്വകാര്യ സ്ഥാപനവും തമ്മിലുണ്ടാക്കിയ എഗ്രിമെൻ്റ് പ്രകാരം 18,500 രൂപ സ്റ്റാൻ്റ് നടത്തിപ്പിന് മാസ വാടക നിശ്ചയിച്ചിരുന്നു. ആദ്യത്തെ 3 വർഷത്തെ വാടകയായ 7 ലക്ഷത്തോളം രൂപ ഇവർക്ക് ഇളവ് നൽക്കുകയും അത് എന്തിനെന്ന് ഇപ്പോഴും അവ്യക്തമാണ്. ആ തുക അന്നത്തെ പലരും വീതം വെച്ചന്ന് മുമ്പേ യൂത്ത് സംഘടനകൾ ആരോപണം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥർക്കെതിരെയും, ചില രാഷ്ട്രീയ നേതാക്കൾക്കെതിരെയും വലിയ ആക്ഷേപമാണ് അന്ന് ഉണ്ടായിരുന്നത്.

ഇപ്പോൾ കോവിഡ് കാലത്തെ 6 മാസത്ത വാടകയും 18 ശതമാനം ജി.എസി.ടിയും, ഫൈനും ഉൾപ്പെടെ രണ്ട് ലക്ഷത്തിലധികം രൂപയുടെ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോളസ് എന്ന സ്ഥാപനം നഗരസഭാ സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. ആ അപേക്ഷ നഗരസഭയുടെ ധനകാര്യ കമ്മിറ്റി അംഗീകരിച്ചതിന്ശേഷം ഇന്നലെ കൗൺസിൽ യോഗത്തിൽ അവതരിച്ചപ്പോഴാണ് പ്രതിപക്ഷം അതിനെ എതിർത്തത്. ഏറെ നേരത്തെ ഒച്ചപ്പാടിനെ തുടർന്ന് തീരുമാനമെടുക്കാതെ വീണ്ടും വിഷയം ധനകാര്യ കമ്മിറ്റിക്ക് വിടുകയാണ് ഉണ്ടായത്.

സംസ്ഥാനത്ത് ഒരിടത്തും കോവിഡ് കാലത്ത് പരസ്യ സ്ഥാപനങ്ങൾക്ക് വാടക ഇനത്തിൽ ഒരു ഇളവും സർക്കാർ അനുവദിച്ചിട്ടില്ല എന്നിരിക്കെ ഇല്ലാത്ത ഇളവ് ഇവർക്ക് അനുവദിക്കേണ്ട ആവശ്യം ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇതിന്റെ പിന്നൽ ചില തൽപ്പര കക്ഷികളുടെ സാമ്പത്തിക താൽപ്പര്യമാണെന്നാണ് പ്രതിപക്ഷ നേതാക്കൾ പറയുന്നത്. തദ്ദേശ സ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ ലൈസൻസ് എടുത്ത് കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾ മാത്രമാണ് സർക്കാർ 3 മാസത്തെ വാടക ഇളവ് നൽകിയത്. അതിന് വിരുദ്ധമായി കൊയിലാണ്ടിയിൽ മാത്രം ഇങ്ങനെ ഒരു ഇളവ് അനുവദിച്ചാൽ അത് സംസ്ഥാനത്തെ മറ്റ് പരസ്യ സ്ഥാപനങ്ങളും ഇതേ ആവശ്യം ഉന്നയിക്കുമെന്നും പലരും കോടതിയെ സമീപിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു. കൂടാതെ നഗരസഭയ്ക്ക് ലഭിക്കേണ്ട ലക്ഷങ്ങളുടെ നികുതി വരുമാനമാണ് ഇതോടെ ഇല്ലാതാകുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.അതേസമയം ഇപ്പോൾ അനധികൃതമായി സോളസ് ആഡ് സൊലൂഷൻസ് കൈവശം വച്ചിരിക്കുന്ന മുറിയിൽ നഗരസഭയുടെ ഹെൽപ്പ് ഡെസ്ക് എന്ന പേരിൽ വൻ തട്ടിപ്പ് നടത്താൻ പുതിയ പദ്ധതിയിട്ടതായും പ്രതിപക്ഷം ആരോപിക്കുന്നു. അങ്ങിനെ വന്നാൽ വരും ദിവസങ്ങളിൽ കൊയിലാണ്ടി നഗരസഭ കൗൺസിലിൽ അത് വലിയ വിവാദങ്ങൾക്ക് വഴിവെക്കും.

Spread the love