സുനിൽകുമാർ കോഴിക്കോട്
കൊയിലാണ്ടി: പൂവാലന്‍മാരെക്കൊണ്ട് പൊറുതിമുട്ടുകയാണ് കൊയിലാണ്ടി. കൊയിലാണ്ടി ബസ് സ്റ്റാന്റിലും പരിസരത്തുമാണ് പ്രധാനമായും പൂവാല ശല്യം വര്‍ദ്ധിച്ചുവരുന്നതായി വ്യാപക പരാതിയുള്ളത്. ദിവസേന ആയിരക്കണക്കിന് ആളുകള്‍ വന്നപോയ്‌ക്കൊണ്ടിരിക്കുന്ന സ്ഥലമാണ് കൊയിലാണ്ടി ബസ് സ്റ്റാന്റ്. സ്‌കൂളും കോളെജും വിട്ട് നൂറ് കണക്കിന് പെണ്‍കുട്ടികള്‍ വൈകുന്നേരങ്ങളില്‍ ഇവിടെയെത്തും. ഇത്തരം സമയത്താണ് പൂവാലന്‍മാരുടെയും രംഗപ്രവേശം.
ബസ് സ്റ്റാന്റില്‍ നിന്ന് പുറത്തേക്കുള്ള വഴിയിലും ഇടവഴികളിലും റെയില്‍വേ സ്റ്റേഷനിലേക്കുള്ള ചെറു വഴിയിലുമെല്ലാം പൂവാലന്‍മാര്‍ കൂട്ടം കൂടി നിന്ന് പെണ്‍കുട്ടികളെ കമന്റടിക്കുന്ന സ്ഥിതിയുണ്ട്. പല സന്നദ്ധ സംഘടനകളും രാഷ്ട്രീ പാര്‍ട്ടി പ്രതിനിധികളും ഇക്കാര്യം നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പരാതി ശക്തമാകുമ്പോള്‍ ഒരു മിന്നല്‍ പരിശോധന നടത്തുന്ന പൊലീസ് പിന്നീട് ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇതാണ് ഇത്തരം ആളുകള്‍ക്ക് സഹായകരമാകുന്നത്. ബസ് സ്റ്റാന്റില്‍ നിലവിലുള്ള പൊലീസ് എയ്ഡ് പോസ്റ്റില്‍ മുഴുവന്‍ സമയവും പൊലീസുകാര്‍ ഡ്യൂട്ടിക്ക് ഇല്ലാത്തതും ഇക്കൂട്ടര്‍ക്ക് സൗകര്യം ഉണ്ടാക്കുന്നു.

പൂവാലന്‍മാര്‍ മാത്രമല്ല മയക്കുമരുന്ന് വില്‍പ്പന സംഘങ്ങളും ബസ് സ്റ്റാന്റ് പരിസരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സമ്പന്ന വീട്ടിലെ വിദ്യാര്‍ത്ഥികളെകണ്ടെത്തി അവര്‍ക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ നല്‍കി വലയിലാക്കുകയാണ് ഇത്തരം പൂവാല- മയക്കുമരുന്ന് സംഘങ്ങള്‍. മദ്യവും കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഈ പ്രദേശങ്ങളില്‍ സുലഭമായി ലഭിക്കാനുണ്ട്.കുട്ടികളെ മയക്കുമരുന്നിന്റെ ലോകത്തേക്ക് നയിക്കാന്‍ വലിയ മാഫിയാ സംഘം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നതായി സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കാടുപിടിച്ച ഇടങ്ങളെല്ലാം ലഹരി ഉപയോഗത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഇത്തരം സംഘങ്ങളുടെ പിടിയിലകപ്പെട്ട ഒരു കുട്ടിയുടെ മാതാവ് സ്റ്റാന്റിന്റെ ഒന്നാം നിലയില്‍ നിന്ന് വിതുമ്പി കൊണ്ട് പോകുന്ന അവസ്ഥ വരെ ഉണ്ടായി. അടുത്ത കാലത്തായി സ്വര്‍ണ്ണമാല പൊട്ടിക്കല്‍, പോക്കറ്റടി എന്നിവയും ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് വ്യാപകമാകുന്നതായി പരാതിയുണ്ട്. പൊലീസ് അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ അടിയന്തിരമായി പതിയണമെന്നാണ് ആവശ്യം. സ്‌കൂള്‍ അധികൃതരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ക്ലാസില്‍ കയറാതെ കുട്ടികള്‍ ടൗണിലൂടെ കറങ്ങി നടക്കുന്ന സ്ഥിതിയുണ്ട്. ഇത്തരം കുട്ടികളാണ് മയക്കുമരുന്ന് സംഘങ്ങളുടെ പിടിയില്‍ അകപ്പെടുന്നത്.
ഒരു തലമുറയെ ലഹരിയുടെ ലോകത്തേക്ക് നയിക്കുന്ന മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ വലിയ അപകടങ്ങള്‍ കൊയിലാണ്ടിയില്‍ സംഭവിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. മയക്കുമരുന്ന് ഉപയോഗത്തിനിടെ കോഴിക്കോട്ട് നഗരത്തില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവം അധികൃതര്‍ക്ക് പാഠമാവണമെന്നും ഇവര്‍ പറയുന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

സ്റ്റാന്റിലെ ഇരിപ്പിടങ്ങള്‍ പലതും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ഇല്ലാത്തിരിക്കുവാന്‍ ബസ് സ്റ്റാന്റും പരിസരവും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്ന് വരികയാണ്. മറ്റ് ബസ് സ്റ്റാന്റുകളെ അപേക്ഷിച്ച് എത് നേരത്തും വലിയ തിരക്ക് അനുഭവപ്പെടുന്ന ബസ് സ്റ്റാന്റില്‍ എത്തുന്ന യാത്രക്കാര്‍ക്ക് നല്ല സഞ്ചാരസ്വാതന്ത്ര്യം കിട്ടുവാന്‍ വ്യാപാരികള്‍ അവരുടെ വില്പന സാധനങള്‍ പുറത്തേക്ക് വെച്ച് വില്ക്കുന്ന സമ്പ്രദായവും അവസാനിപ്പിക്കേണ്ടതാണ്.













