നഗര വികസനത്തിന് നാറ്റ് പാക് പദ്ധതി രൂപരേഖ നടപ്പിലാക്കും;ചെയര്‍മാന്‍


കൊയിലാണ്ടി: അഞ്ചു കോടി രൂപ മുതല്‍ മുടക്കില്‍ കൊയിലാണ്ടി നഗര വികസനത്തിനായി നാറ്റ് പാക് തയ്യാറാക്കിയ പദ്ധതി രൂപരേഖ നടപ്പിലാക്കാന്‍ തീരുമാനം. നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തിരുമാനം. നഗരത്തിലെ പരമാവധി സ്ഥലം ഉപയോഗപ്പെടുത്തി നാലുവരിയില്‍ വാഹനങ്ങള്‍ കടന്നുപോകാനുള്ള സംവിധാനം കൊണ്ടുവരും. ഇതിനായി അആധികൃതരുടെ സഹായത്തോടെ റോഡരികിലുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിവാക്കും. തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമായിരിക്കും വഴിയോര കച്ചവടത്തിന് അനുമതി നല്‍കുക.നടപ്പാതയിലേക്ക് കടന്നു വന്നിട്ടുള്ള കച്ചവടങ്ങളും,റോഡരികില്‍ നിര്‍ത്തിയിട്ട പഴയ വാഹനങ്ങള്‍,പോലീസ് സ്‌റ്റേഷനു മുന്നിലെ വിവിധ കേസുകളില്‍ പിടിച്ചിട്ട വാഹനങ്ങള്‍ എന്നിവ പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റാന്‍നടപടി സ്വീകരിക്കും.


ഗതാഗത കുരുക്കിന് പ്രധാനകാരണമാവുന്ന ട്രാന്‍സ്‌ഫോമര്‍ നഗര മദ്ധ്യത്തില്‍ നിന്നും മാറ്റാന്‍ നഗരസഭ കെ.എസ്.ഇ.ബിക്ക് 4,66,000 രൂപ നല്‍കിയിട്ടുണ്ട്.പതിനഞ്ച് ദിവസത്തിനകം ടെന്‍ഡര്‍ നടപ്പിലാക്കും.ട്രാന്‍സ്‌ഫോമര്‍ മാറ്റിയതിന് ശേഷം പഴയസ്റ്റാന്‍ഡിനും,പുതിയസ്റ്റാന്‍ഡിനും മുന്‍വശത്തുമായി ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മിക്കും.ഗതാഗത പരിഷ്‌ക്കാരങ്ങള്‍ക്കുവേണ്ടി ബസ്സുടമകളുടെയും മോട്ടോര്‍ വാഹനത്തൊഴിലാളി സംഘടനാ നേതാക്കളുടെയും യോഗം ചേരും. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ പണം കൊടുത്ത് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം കൊണ്ടുവരും.കൂടാതെ മേല്‍പാലത്തിനടിയിലുള്ള സ്ഥലവും പാര്‍ക്കിങ്ങിനായി ഉപയോഗപ്പെടുത്തും.കൊയിലാണ്ടി സി.ഐ കെ.ഉണ്ണികൃഷ്ണന്‍,ട്രാഫിക് എസ്.ഐ ശശീന്ദ്രന്‍,ജോ.ആര്‍.ടി.ഒ പി.രാജേഷ്,ഡെപ്യൂടി തഹസില്‍ദാര്‍ കെ.ലതീഷ്‌കുമാര്‍,എം.മോഹനന്‍,ഹരീഷ്,സുനില്‍കുമാര്‍,നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ദിവ്യശെല്‍വരാജ്,ഭാസ്‌ക്കരന്‍,കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹിംകുട്ടി,കെ.വിജയന്‍,ടി.വി.രാമദാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.




Sharing is Caring