കോട്ടയത്തെ യുവതിയുടെ മരണകാരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് രാസപരിശോധന ഫലം

കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ രാസപരിശോധന ഫലം പുറത്ത്. ഭക്ഷ്യവിഷബാധയേറ്റാണ് യുവതി മരിച്ചതെന്ന് പരിശോധനഫലത്തില്‍ വ്യക്തമായി. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉടനെ അന്വേഷണസംഘത്തിന് കൈമാറും.

ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ കേസില്‍ ഹോട്ടല്‍ ഉടമകളെ പൊലീസ് പ്രതി ചേര്‍ത്തു. ഒളിവിലുള്ള ഹോട്ടലുടമകള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. രശ്മിയുടെ മരണത്തില്‍ ഹോട്ടലിലെ മുഖ്യപാചകക്കാരന്‍ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു.നരഹത്യയ്ക്ക് കേസെടുത്താണ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കാടാമ്പുഴയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സ് രശ്മി(33) കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്ന് രശ്മി അല്‍ഫാം കഴിച്ചിരുന്നു.

ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിയും തുടര്‍ന്നു വയറിളക്കവും അനുഭവപ്പെട്ടു.ശാരീരികമായ തളര്‍ന്നതിനെ തുടര്‍ന്നു ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇവരുടെ ആരോഗ്യനില കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *