കൊച്ചി: മള്‍ട്ടിഫങ്ഷണല്‍ പ്രിന്ററുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ മുന്‍നിരയിലുള്ള കോണിക്ക മിനോള്‍ട്ട, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ച് കൊച്ചി, ഡല്‍ഹി, നോയിഡ, ഗുവാഹതി എന്നിവിടങ്ങളില്‍ ചെറിയ മെഷീനുകളുടെയും ഘടകഭാഗങ്ങളുടെയും വിതരണം ആരംഭിച്ചു. ഹരിത ഭാവി ലക്ഷ്യംവച്ചാണു മലിനീകരണ രഹിത ഇരുചക്ര, മുച്ചക്ര വാഹനങ്ങളിലേക്കുള്ള കമ്പനിയുടെ ചുവടുമാറ്റം.
100 കിലോഗ്രാമില്‍ താഴെയുള്ള ചെറു യന്ത്രങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, ഉപകരണങ്ങള്‍ എന്നിവയാണ് ഇത്തരം വാഹനങ്ങള്‍ ഉപയോഗിച്ച് കമ്പനി ഉപയോക്താക്കള്‍ക്ക് എത്തിക്കുന്നത്. കൊച്ചിയിലും ഗുവാഹിയിലും വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിച്ചും ഡല്‍ഹിയിലും നോയിഡയിലും ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ഉപയോഗിച്ചുമാണു വിതരണം.

സുസ്ഥിര ഭാവി കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ബണ്‍ പുറന്തള്ളല്‍ 2030-ഓടെ 60 ശതമാനവും 2050-ഓടെ 80 ശതമാനവും കുറയ്ക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ഇക്കോ-വിഷന്‍ 2030, ഇക്കോ-വിഷന്‍ 2050 എന്നീ ദീര്‍ഘകാല പാരിസ്ഥിതിക ലക്ഷ്യങ്ങളുടെ ചുവടുപിടിച്ചാണിത്.
ഉപയോഗിച്ച പ്രിന്ററുകളും മള്‍ട്ടി ഫങ്ഷണല്‍ പ്രിന്ററുകളും ഉപഭോക്താക്കളില്‍നിന്നു ശേഖരിച്ച്, നിയമങ്ങള്‍ പാലിച്ച് അവ പുനഃചക്രമണം നടത്താനും കോണിക്ക മിനോള്‍ട്ട പദ്ധതി നടപ്പാക്കി വരുന്നുണ്ട്. ഉപേക്ഷിച്ച ഈ വസ്തുക്കള്‍ കൈകൊണ്ട് നശിപ്പിക്കുന്നതിനു പകരം പങ്കാളി ഏജന്‍സി അവയെ ഉചിതമായി തരംതിരിച്ച് പുനഃചക്രമണം നടത്തുകയും അസംസ്‌കൃത വസ്തുക്കളായി പുനരുപയോഗിക്കുകയും ചെയ്യുന്നു.












