കൊയിലാണ്ടി: പിഷാരികാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കൊല്ലം ചിറയുടെ മദ്ധ്യത്തിൽ നിർമ്മിച്ച ജലകന്യകാ ശില്പം ഇന്ന് വെകീട്ട് കെ.ദാസൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ അനാച്ഛാദനം ചെയ്യും.12 അടി ഉയരമുള്ള ശില്പം നിർമ്മിച്ചിരിക്കുന്നത് ദീപേഷ് കൊല്ലത്തിന്റെ നേത്രത്വത്തിൽ ലിനീഷ്, മഹേഷ്, സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ്. ശിൽപ്പികൾക്കുള്ള ഉപഹാര സമർപ്പണം മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ കെ.മുരളി നിർവ്വഹിക്കും.നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ ചടങ്ങിൽ ആശംസ നേർന്ന് സംസാരിക്കും. ചിറ നവീകരണ പ്രവർത്തി ഏതാണ്ട് 95 ശതമാനവും പൂർത്തിയായിട്ടുണ്ട്. ചിറയുടെ ചുറ്റ്ഭാഗം നടപ്പാത നിർമിക്കുന്നുണ്ട്. വ്യായാമം ചെയ്യാനുള്ള സൗകര്യം, വയോജനങ്ങൾക്ക് വിശ്രമിക്കാനുള്ള സങ്കേതം, മിനി ചിൽഡ്രൻസ് പാർക്ക് എന്നിവ ഒരുക്കുമെന്ന് വാർത്താ സമ്മേളനത്തിൽ കെ.ദാസൻ എം.എൽ.എ പറഞ്ഞു. പത്രസമ്മേളനത്തിൽ നാരയണൻ കുട്ടി നായർ, യു.വി.കുമാരൻ, മുണ്ടയ്ക്കൽ ഉണ്ണികൃഷ്ണൻ നായർ, ഇ.എസ് രാജൻ, തുന്നോത്ത് പ്രമോദ്, ദീപേഷ് കൊല്ലം എന്നിവർ പങ്കെടുത്തു.












