കോഹ്ലിക്ക് ഇന്ന് പിറന്നാള്‍;ആശംസകളുമായി ആരാധകര്‍


ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ വിരാട് കോഹ്ലിക്ക് ഇന്ന് 34 ആം ജന്മദിനം. ട്വന്റി – 20 ലോകകപ്പ് തിരക്കിനിടെ ഓസ്‌ട്രേലിയയിലാണ് ഇക്കുറി കിങ് കോഹ്ലിയുടെ പിറന്നാള്‍ ആഘോഷം. എ പ്രൌഡ് ഹസ്ബന്‍ഡ് ആന്‍ഡ് ഫാദര്‍ എന്ന് ട്വിറ്ററില്‍ സ്വയം വിശേഷിപ്പിക്കുന്ന കോഹ്ലിക്ക് മകള്‍ വാമിക ജനിച്ചതിന് ശേഷമുള്ള രണ്ടാമത്തെ പിറന്നാളാണ് ഇന്ന്. പിറന്നാളാശംസകള്‍ നേര്‍ന്നുള്ള ആരാധകരുടെ പോസ്റ്റുകളും വീഡിയോകളും സമൂഹ മാധ്യമങ്ങള്‍ കീഴടക്കിയിട്ടുണ്ട്.


കഠിനാദ്ധ്വാനികള്‍ പ്രതിഭകളെ നിസ്സാരരാക്കിയതിന് ഉദാഹരണമാണ് വിരാട് കോഹ്ലിയുടെ കരിയര്‍. തന്നേക്കാള്‍ പ്രതിഭാ സ്പര്‍ശമുള്ളവരെ കഠിനാദ്ധ്വാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ബാറ്റ് കൊണ്ട് പിന്നിലാക്കിയാണ് കോഹ്ലി മുന്നേറിയത്. ഡല്‍ഹിയിലെ പഞ്ചാബി കുടുംബത്തില്‍ ജനിച്ച വിരാടിന് ഗോഡ് ഫാദര്‍മാര്‍ ആരും ഉണ്ടായിരുന്നില്ല.


ക്രിക്കറ്റ് കളിക്കാന്‍ തന്നെ പ്രേരിപ്പിച്ച പിതാവ് വിട പറയുമ്പോള്‍ കോഹ്ലിക്ക് 18 വയസ്. ശാന്തമായി മുന്നേറി കൊണ്ടിരിക്കുന്ന ഇന്നിങ്‌സ് ഇടയ്ക്ക് മുറിഞ്ഞതു പോലെയായിരുന്നു ആ വിയോഗം. പിതാവിന്റെ ഓര്‍മകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട കോഹ്ലി നിരന്തര പരിശ്രമത്തിലൂടെയും കഠിനദ്ധ്വാനത്തിലൂടെയും പക്വത നേടി. ഡ്രൈവുകളിലൂടെയും ഫ്‌ലിക്കുകളിലൂടെയും കളിയുടെ സ്വഭാവത്തിന് അനുസരിച്ച് റണ്‍റേറ്റ് ഉയര്‍ത്താനും താഴ്ത്താനും അറിയാവുന്ന ലെജന്‍ഡറി പ്ലെയറായി.