കേരളത്തിലെ ആശുപത്രികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലിനൊരുങ്ങി ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെ.കെ.ആര്‍ ആന്‍ഡ് കോ (കോല്‍ബെര്‍ഗ് ക്രാവിസ് റോബര്‍ട്സ് ആന്‍ഡ് കോ). കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി (ബി.എം.എച്ച്) ഏറ്റെടുക്കാനാണ് കെ.കെ.ആര്‍ ആന്‍ഡ് കോ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
ഹോസ്പിറ്റലില്‍ 2500 കോടിരൂപയുടെ മൂലധനനിക്ഷേപം നടത്താനാണ് കെകെആര്‍ ഒരുങ്ങുന്നത്. ഏതാണ്ട് 65 ശതമാനം ഓഹരിയാവും കെകെആര്‍ സ്വന്തമാക്കുക. ഇടപാട് സംബന്ധിച്ച് പ്രാഥമിക കരാര്‍ ആയിട്ടുണ്ട്. ഒരുമാസത്തിനുള്ളില്‍ ഔദ്യോഗികപ്രഖ്യാപനമുണ്ടാകും.

ഉത്തരേന്ത്യയിലെ മാക്സ് ഹെല്‍ത്ത് കെയറിലുണ്ടായിരുന്ന നിക്ഷേപം റെക്കോഡ് ലാഭത്തില്‍ വിറ്റഴിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഹോസ്പിറ്റല്‍ ബിസിനസ് മേഖലയിലേക്കുള്ള കെ.കെ.ആറിന്റെ തിരിച്ചുവരവ്.
600 ബെഡുകളുള്ള ഈ ആശുപത്രിയില്‍ 650 നേഴ്‌സുമാരും 300 ഡോക്ടര്‍മാരും ഉള്‍പ്പെടെ രണ്ടായിരത്തിലധികം ജീവനക്കാരുണ്ട്.
മെഡിക്കല്‍ സര്‍ജിക്കല്‍ വിഭാഗത്തില്‍ 40 യൂണിറ്റുകളും 16 ഓപ്പറേഷന്‍ തിയേറ്ററുകളും സര്‍വസജ്ജമായ 11 അത്യാധുനിക തീവ്രപരിചരണ വിഭാഗവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആക്സിഡന്റ് ട്രോമാ കെയര്‍ യൂണിറ്റും ആശുപത്രിയുടെ പ്രത്യേകതയാണ്. കൂടാതെ മെഡിക്കല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകളും ആശുപത്രി നടത്തുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ബിഎംഎച്ച് 120 കോടി രൂപയുടെ വരുമാനവും, 80 കോടി രൂപയുടെ ലാഭവും നേടിയിരുന്നു.













