കിംസ്ഹെൽത്ത് ഒവേറിയൻ ക്യാൻസർ അപ്ഡേറ്സ് ജനുവരി 21-ന്

തിരുവനന്തപുരം: തിരുവനന്തപുരം കിംസ്ഹെൽത്തിന്റെ ഒവേറിയൻ ക്യാൻസർ അപ്ഡേറ്സ് 2023 – ഏകദിന മെഡിക്കൽ കോൺഫെറൻസ് ജനുവരി 21-ന്. ഹൈസിന്ത് ഹോട്ടലിൽ വച്ച് നടക്കുന്ന കോൺഫെറൻസിൽ അണ്ഡാശയ ക്യാൻസർ മാനേജ്മെന്റിലെ പ്രധാന ക്ലിനിക്കൽ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധർ പങ്കെടുക്കുന്ന സമ്മേളനം കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള ഉദ്ഘാടനം ചെയ്യും.

‘ഒവേറിയൻ ക്യാൻസർ ചികിത്സയിലെ സുപ്രധാന മുന്നേറ്റങ്ങളാണ്’ കോൺഫെറൻസിന്റെ മുഖ്യ പ്രമേയം. ഒവേറിയൻ ക്യാൻസർ മാനേജ്‌മെന്റിൽ ഈയടുത്തായി വികസിപ്പിച്ചെടുത്ത നൂതനമായ ശസ്ത്രക്രിയ പ്രക്രിയകളും മെഡിക്കൽ കണ്ടെത്തലുകളും ചികിത്സാരീതികളെ തന്നെ മാറ്റിമറിക്കുകയും രോഗികളുടെ അതിജീവനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യ വിദഗ്ദ്ധർ പ്രധാനമായും അണ്ഡാശയ അർബുദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, സുപ്രധാന ക്ലിനിക്കൽ മേഖലകളിലെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളും ഭാവി വികസനങ്ങളും ചർച്ച ചെയ്യുകയും ചെയ്യും. കൂടാതെ ടാർഗെറ്റഡ് തെറാപ്പികൾ, നിലവിൽ പരീക്ഷണത്തിലിരിക്കുന്ന പുതിയ മരുന്നുകൾ, അണ്ഡാശയ ക്യാൻസറിന്റെ മോളിക്യുലാർ ബയോളജി തുടങ്ങിയ പ്രധാന മേഖലകളും ചർച്ചാവിഷയമാകും.

ഇന്ത്യയിലെ പ്രശസ്ത അക്കാദമിക് സ്ഥാപനങ്ങളായ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ മുംബൈ, അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ, സിഎംസി വെല്ലൂർ, റീജിയണൽ ക്യാൻസർ സെന്റർ തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കും. കേസുകൾ അടിസ്ഥാനമാക്കിയുള്ള പാനൽ ചർച്ചകളും, ക്യാൻസർ ചികിത്സയുടെ പ്രായോഗിക വശങ്ങളെക്കുറിച്ചുള്ള സജീവമായ ചർച്ചകളും അരങ്ങേറും.

മുഖ്യമായും അണ്ഡാശയ അർബുദ മേഖലയിലെ പ്രശസ്തരായ വിദഗ്ധരുമായി സംവദിക്കാനും അണ്ഡാശയ വൈകല്യങ്ങളെ സംബന്ധിച്ചുള്ള അറിവ് പങ്ക് വയ്ക്കുന്നതിനും, വർദ്ധിപ്പിക്കുന്നതിനും ഒരു വേദിയാകുന്നതോടൊപ്പം ഡോക്ടർമാർക്കിടയിൽ കൃത്യമായ അവബോധം സൃഷ്ടിക്കുകയും ആത്യന്തികമായി രോഗിയുടെ മെച്ചപ്പെട്ട ചികിത്സയ്ക്കായുള്ള കൂട്ടായ പ്രവർത്തനവും കോൺഫറൻസ് ലക്ഷ്യം വയ്ക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *