പൊലീസ് സ്റ്റേഷനുകളില്‍ ഇനി പിആര്‍ഒയും


പൊലീസ് –പൊതുജനസൌഹൃദം മെച്ചപ്പെടുത്താന്‍ സ്റ്റേഷനുകളില്‍ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍മാരെ (പിആര്‍ഒ) നിയോഗിക്കുന്നു. ഇതിനായി തെരഞ്ഞെടുത്ത പൊലീസുകാര്‍ക്ക് പരിശീലനം നല്‍കും. ആദ്യഘട്ടത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ നടപ്പാക്കുന്ന പദ്ധതി നവംബര്‍ 15ഓടെ നിലവില്‍വരും. വിവിധ ആവശ്യങ്ങള്‍ക്ക് സ്റ്റേഷനിലെത്തുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറലാണ് പിആര്‍ഒയുടെ ചുമതല. ലാപ്ടോപും ഇന്റര്‍നെറ്റ് കണക്ഷനും നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ പറഞ്ഞു.


പൊലീസ് സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക് പലപ്പോഴും വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി പതിവാണ്. വിവിധ ഡ്യൂട്ടികളില്‍ ഉദ്യോഗസ്ഥര്‍ മാറിവരുന്നതിനാലാണിത്. പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള എസ്ഐമാരാകട്ടെ പലപ്പോഴും പുറത്താകും. ഈ പ്രശ്നത്തിന് പരിഹാരമായാണ് വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൈമാറാനുമായി ഉദ്യോഗസ്ഥനെ പ്രത്യേക ചുമതലയോടെ പിആര്‍ഒയായി നിയമിക്കുന്നത്. സ്റ്റേഷനുകളില്‍ ഇതിനായി പ്രത്യേക ക്യാബിനുമുണ്ടാകും.


ആദ്യഘട്ടത്തില്‍ ഓരോ സ്റ്റേഷനില്‍നിന്നും ഒരാള്‍ക്കുവീതമാണ് പരിശീലനം നല്‍കുക. പിആര്‍ വിദഗ്ധരുടെ സഹായത്തോടെയാകുമിത്. നവംബര്‍ ആദ്യവാരം പരിശീലനം. പരാതിവാങ്ങുന്നതും റസീത് നല്‍കുന്നതും എഫ്ഐആര്‍ കോപ്പി നല്‍കുന്നതും പിആര്‍ഒയുടെ ചുമതലയാണ്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് സ്റ്റേഷനില്‍ കാത്തുകിടക്കേണ്ടിവരില്ല.



Sharing is Caring