കേരളം ഒന്നിച്ചു നടന്നു; സംസ്ഥാനത്തുടനീളം കെ-വാക്ക് സംഘടിപ്പിച്ചു

തിരുവനന്തപുരം: പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിയുടെ ഭാഗമായി, എല്ലാവർക്കും കായികക്ഷമത എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം കെ-വാക്ക് സംഘടിപ്പിച്ചു. വിവിധയിടങ്ങളിൽ പതിനായിരങ്ങൾ പങ്കെടുത്ത കൂട്ട നടത്തത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം മാനവീയം വീഥിയിൽ കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. സംസ്ഥാനത്തെ കായികമേഖലയ്ക്ക് പുത്തനുണർവും ദിശാബോധവും നൽകുന്ന വൈവിധ്യമാർന്ന പരിപാടികളാണ് രാജ്യാന്തര ഉച്ചകോടിയുടെ ഭാഗമായി നടന്നു വരുന്നത്. കേരളത്തിൽ മികച്ച ഒരു കായിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തി വരുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഈ ഉദ്യമത്തിന് തുടക്കമിട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാനവീയം വീഥിയിൽ നിന്നാരംഭിച്ച കെ വാക് കനകക്കുന്ന്, മ്യൂസിയം, എൽ എം എസ്, പാളയം വഴി സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിച്ചു.

തിരുവനന്തപുരം ജില്ലാ ഫെൻസിങ് അസോസിയേഷൻ, ആർച്ചറി അസോസിയേഷൻ, കേരള സ്പോർട്സ് കൗൺസിൽ സ്പോർട്സ് സ്കൂൾ, ഫുട്ബോൾ അസോസിയേഷൻ, കരാട്ടെ അസോസിയേഷൻ, റോൾബോൾ അസോസിയേഷൻ, വുഷു അസോസിയേഷൻ, സെക്രട്ടേറിയറ്റ് സ്പോർട്സ് അസോസിയേഷൻ തുടങ്ങിയവരും വിവിധ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, കുടുംബശ്രീ, സ്കൂൾ പോലീസ് കേഡറ്റ് തുടങ്ങിയവർ കെ വാക്കിന്റെ ഭാഗമായി അണിനിരന്നു. തിങ്കളാഴ്ച വൈകിട്ട് 4 മണി മുതൽ 7 മണി വരെ ജില്ല കേന്ദ്രങ്ങളിലും, തദ്ദേശ സ്വയഭരണം സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഗ്രാമീണ പ്രദേശങ്ങളിലും കെ വാക്ക് സംഘടിപ്പിച്ചു. ഓരോ കേന്ദ്രങ്ങളിലും മികച്ച ബഹുജന പങ്കാളിത്തം ഉണ്ടായി.

ടൂർ ഡി കേരള സൈക്ലത്തണിനു സമാപനം

അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണത്തിൻ്റെ ഭാഗമായ കാസർഗോഡ് നിന്നും ആരംഭിച്ച ‘ടൂർ ഡി കേരള’ സൈക്ലത്തോൺ പര്യടനം ഗ്രീൻഫീൽഡിൽ സമാപിച്ചു. കാസർഗോഡ് നിന്ന് തുടങ്ങിയ പര്യടനം വിവിധജില്ലകളിലൂടെ പത്ത് ദിവസമെടുത്താണ് തിരുവനന്തപുരത്തെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *