ദേശീയ ഗെയിംസ് പുരുഷ ഫുട്ബാളില്‍ കേരളം പുറത്ത്


പനാജി : ദേശീയ ഗെയിംസ് പുരുഷ ഫുട്ബാളില്‍ കേരളം പുറത്ത്. സെമി ഫൈനലില്‍ സര്‍വിസസിനു മുന്നില്‍ 2-4നാണ് കാലിടറിയത്.മലയാളിയായ സര്‍വിസസിന്റെ മധ്യനിര താരം രാഹുല്‍ രാമകൃഷ്ണന്റെ ഇരട്ട ഗോള്‍ കേരളത്തിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു. ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളം ആദ്യം ലീഡ് സ്വന്തമാക്കിയെങ്കിലും സര്‍വിസസിന്റെ കളിമികവിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.


കേരളം 27ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലീഡ് സ്വന്തമാക്കുകയായിരുന്നു. മിഡ്ഫീല്‍ഡര്‍ നിജോ ഗില്‍ബര്‍ട്ടാണ് വല കുലുക്കിയത് (1-0). സര്‍വിസസ് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ രാഹുല്‍ രാമകൃഷ്ണനിലൂടെ സമനില പിടിച്ചു (1-1). 50ാം മിനിറ്റില്‍ ഇവര്‍ ലീഡ് നേടി. പാലക്കാട്ടുകാരൻ രാഹുല്‍ രാമകൃഷ്ണന്റേതായിരുന്നു രണ്ടാം ഗോള്‍ (1-2). മിനിറ്റുകള്‍ക്കുള്ളില്‍ ഇവര്‍ വീണ്ടും ലീഡുയര്‍ത്തി. 54ാം മിനിറ്റില്‍ പി. ക്രിസ്റ്റഫറാണ് പെനാല്‍റ്റിയിലൂടെ കേരളത്തിന്റെ ഗോള്‍ വലകുലുക്കിയത് (1-3).


73ാം മിനിറ്റില്‍ കേരളം നടത്തിയ അപ്രതീക്ഷിത നീക്കം പെനാല്‍റ്റിയില്‍ കലാശിച്ചു. ഇത് കേരള ക്യാപ്റ്റൻ ജി. സഞ്ജു പട്ടാള വലയിലെത്തിച്ചു (2-3). പിന്നാലെ സമനിലക്കായി കേരളം പൊരുതിയെങ്കിലും 84ാം മിനിറ്റില്‍ ബികാഷ് താപ്പയിലൂടെ അവസാന ഗോളും സര്‍വിസസ് കണ്ടെത്തി (4-2). പഞ്ചാബിനെ തോല്‍പിച്ച്‌ മണിപ്പൂരും (2-1) ഫൈനലിലെത്തി. ബുധനാഴ്ച രാവിലെ ഒമ്ബതിന് വെങ്കലമെഡല്‍ ലക്ഷ്യമിട്ട് കേരളം പഞ്ചാബുമായി ഏറ്റുമുട്ടും.



Sharing is Caring