കാളപെറ്റു എന്നു കേട്ടയുടന്‍ ബൈറ്റെടുത്തു ! ഓണം ബമ്പറില്‍ ശരിക്കും ട്വിസ്റ്റല്ല; നടന്നത് ചാനലുകള്‍ക്ക് പറ്റിയ വന്‍ അബദ്ധം !

കൊച്ചി: ഓണം ബമ്പറിന്റെ പന്ത്രണ്ടുകോടിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിലും മുഖ്യധാരാമാധ്യമങ്ങളിലുമൊക്കെ ചര്‍ച്ച. കഴിഞ്ഞ 19ന് തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ നറുക്കെടുപ്പ് നടന്നത് ലൈവായി കാണിച്ച ചാനലുകള്‍ 12 കോടി രൂപയടിച്ച ആ ഭാഗ്യവാനെ കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു. ചാനലുകളുടെ കേരളത്തിലെ 14 ബ്യൂറോകളും ഭാഗ്യവാനെ തേടിയലഞ്ഞു.

എറണാകുളം തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്നു തെളിഞ്ഞു. പിന്നാലെ എറണാകുളത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വയനാട് പനമരം സ്വദേശിയായ സെയ്തലവിയെന്ന പ്രവാസി ടിക്കറ്റടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി എത്തിയത്. കേട്ടപാതി കേള്‍ക്കാത്ത പാതി ഒന്നും ചിന്തിക്കാതെ ചാനലുകള്‍ വയനാടിന് വച്ചുപിടിച്ചു.

പ്രവാസിയായ സെയ്തലവി ടിക്കറ്റ് എങ്ങനെയെടുത്തെന്നോ, ആരുവഴി എടുത്തെന്നോ അടിച്ച ടിക്കറ്റ് എവിടെയെന്നോ ചോദിക്കാന്‍ ഒരു ചാനലുകാരനും മിനക്കെട്ടില്ല. അടിച്ച ടിക്കറ്റ് എവിടെയെന്നു പോലും ചോദിക്കാതെ ബ്രേക്കിങും കൊടുത്തു. സെയ്തവലിക്ക് 12 കോടി അടിച്ചെന്ന്.

അടിച്ച തുകവച്ച് എന്തുചെയ്യുമെന്നും സെയ്തലവിയുടെ സ്വപ്‌നവുമൊക്കെ റിപ്പോര്‍ട്ടര്‍മാര്‍ തങ്ങളുടെ ഭാവനാവിലാസത്തിനൊപ്പിച്ച് അടിച്ചുവിട്ടു. അതിനിടെ സെയ്തലവിയുടെ സുഹൃത്ത് ടിക്കറ്റ് തുകയ്ക്ക് ക്ലെയിം ചെയ്‌തെന്നു പുതിയ ബ്രേക്കിങും അടിച്ചു. ഇതിനിടെയാണ് യഥാര്‍ത്ഥ ലോട്ടറിയടിച്ച മരട് സ്വദേശിയായ ജയപാലന്‍ കാനറാ ബാങ്കില്‍ ലോട്ടറിമാറി രംഗത്തുവന്നത്.

ഇതോടെ തങ്ങള്‍ക്കു പറ്റിയ അമളി വമ്പന്‍ ട്വിസ്റ്റ് എന്ന പേരില്‍ പുതിയ വാര്‍ത്തയാക്കി ചാനലുകള്‍ നല്‍കി. യഥാര്‍ത്ഥത്തില്‍ വസ്തുതാന്വേഷണം നടത്താതെ ചാനല്‍ റിപ്പോര്‍ട്ടര്‍മാരും പുതുതലമുറ ജേര്‍ണലിസ്റ്റുകളും നടത്തിയ പണിയാണ് എല്ലാത്തിനും കാരണം.

ഒരാള്‍ ലോട്ടറിയടിച്ചു എന്നു പറഞ്ഞാല്‍ അതില്‍ ആദ്യം ചെയ്യേണ്ട കാര്യം അടിച്ച ടിക്കറ്റിന്റെ ചിത്രവും അവകാശവാദവും ശരിയാണോ എന്നു നോക്കുകയാണ്. അതല്ലെങ്കില്‍ അതു നല്‍കിയ ബാങ്കിലെ സാക്ഷ്യപത്രം ചോദിക്കുക എന്നതാണ്. ഇവിടെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ബാലപാഠം മറന്നു ലോട്ടറിയടിച്ചു എന്നൊരാള്‍ പറഞ്ഞപ്പോള്‍ ബ്രേക്കിങ് നല്‍കിയവര്‍ക്ക് തന്നെയാണ് പിഴച്ചത്. കാളപെറ്റു എന്നുകേട്ടാലുടന്‍ ബൈറ്റ് എടുക്കുന്ന നടപടിക്ക് പറ്റിയ തിരിച്ചടി തന്നെ !

Spread the love

Leave a Reply

Your email address will not be published. Required fields are marked *