പാലക്കാട്: ധോണിയില്‍ പ്രഭാതസവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാരോപിച്ച് ഡിഎഫ്‌ഒ ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാന്‍ അധികൃതര്‍ സ്ഥലത്തെത്തി. സ്ഥലം എംഎല്‍എ, ആര്‍ഡിഒ ,ഡിഎഫ്‌ഒ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. ആനയെ മയക്കുവെടി വെക്കാന്‍ തീരുമാനമായി. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കും. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മരിച്ച ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി.

സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എ കെ.ശശീന്ദ്രന്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം പ്രഭാത സവാരിക്കിറങ്ങിയ ആളെ ആന ചവിട്ടി കൊല്ലുകയായിരുന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. എട്ടോളം പേര്‍ക്കൊപ്പമായിരുന്നു ശിവരാമനും നടക്കാനിറങ്ങിയത്. സംഘത്തില്‍ മുന്നില്‍ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.














