കണ്ണൂര്‍ സര്‍വകലാശാല നിയമന തര്‍ക്കം ; തനിക്കെതിരെ ഭീഷണിയെന്ന് പ്രിയാ വര്‍ഗീസ്

കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന തര്‍ക്കം രാഷ്ട്രീയ വിവാദമായി മാറുന്നു. കണ്ണൂര്‍സര്‍വകലാശാല മലയാള വിഭാഗം അസോസിയറ്റ്‌ പ്രൊഫസര്‍ നിയമന നടപടി മരവിപ്പിച്ച ഗവര്‍ണറുടെ നിലപാട്‌ രാഷ്ട്രീയനാടകമാണെന്ന വാദവുമായി റാങ്ക്‌ ലിസ്റ്റില്‍ ഒന്നാമതെത്തിയ പ്രിയ വര്‍ഗീസ്‌ തന്റെ ഫെയ്സ്ബുക്ക് പേജില്‍ തുറന്നടിച്ചു.

സി.പി.എം നേതാവ് കെ.കെ.രാഗേഷിന്റെ ഭാര്യയായതിനാല്‍ തന്റെ പേര് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചതു മുതല്‍ വിവാദ നാടകങ്ങള്‍ തുടങ്ങി. കോണ്‍ഗ്രസുകാരനായ സെനറ്റംഗം വൈസ്‌ ചാന്‍സലര്‍ക്ക്‌ പരാതി നല്‍കി. കോണ്‍ഗ്രസുകാരും കെഎസ്‌യുക്കാരും വിസിയുടെ വീട് ഉപരോധിച്ചു.

അഭിമുഖത്തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമഭീഷണിവരെ അതിജീവിച്ചാണ് ഹാജരായത്. വ്യക്തിയെന്ന നിലയില്‍ നീതിനിഷേധങ്ങള്‍ അനുഭവിക്കേണ്ടിവന്നു. സമരത്തിലും മാധ്യമ ചര്‍ച്ചകളിലും പ്രധാന പ്രശ്നമായി ഉയര്‍ത്തിക്കാട്ടിയത് എഫ്ഡിപി ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാകില്ല എന്നതാണ്‌. 2018ലെ യുജിസി നോട്ടിഫിക്കേഷനില്‍ ഇതിനെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്‌. സജീവ സേവനത്തില്‍ ഇരുന്നുകൊണ്ട് ലീവെടുക്കാതെ നടത്തുന്ന പിഎച്ച്‌ഡി ഗവേഷണം എഫ്ഡിപി മാത്രമാണ്. ഒരേസമയം സ്ഥാപനത്തിലെ 20 ശതമാനം അധ്യാപക ജീവനക്കാര്‍ക്കുമാത്രം അവകാശപ്പെടാവുന്ന ഗവേഷണവും എഫ്ഡിപിതന്നെ. ഈ കാര്യങ്ങള്‍ ആര്‍ക്കും വായിച്ചാല്‍ മനസ്സിലാകുന്നതായിട്ടും ചുരുക്കപ്പട്ടികയിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമോപദേശത്തിനുവിട്ടു എന്ന ‘സവിശേഷ പരിഗണനയാണ്’ കെ കെ രാഗേഷിന്റെ ഭാര്യ എന്ന നിലയില്‍ ലഭിച്ചത് .എന്നാല്‍ രാഷ്ട്രീയ വൈരാഗ്യമാണ് തനിക്കെതിരെ ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും- പ്രിയ വര്‍ഗീസ്‌ തന്റെ ഫെയ്‌സ്‌ ബുക് പേജില്‍കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *