മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കമൽഹാസൻ


മണപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസിൽ രൂക്ഷ പ്രതികരണവുമായി നടൻ കമൽഹാസൻ. മണിപ്പൂരിൽ ഭരണഘടന സംവിധാനം തകർന്നെന്നും രാഷ്ട്രപതി ഭരണം ആവശ്യപ്പെടുന്ന സംഭവമാണെന്നും തമിഴ്നാട്ടിലെ ‘മക്കൾ നീതി മയ്യം’ പാർട്ടി നേതാവ് കൂടിയായ കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.


രാഷ്ട്രപതി ഭവനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. സംവിധായകൻ പാ രഞ്ജിത്തും സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, അനുപം ഖേർ, ജയ ബച്ചൻ, പ്രിയങ്ക ചോപ്ര, സെലിന ജെയ്റ്റ്ലി, റിച്ച ഛദ്ദ, ഊർമിള മണ്ഡോദ്കർ തുടങ്ങിയവരും സംഭവത്തിൽ രൂക്ഷ വിമർശനവുമായി എത്തിയിരുന്നു.


‘മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വിഡിയോ കണ്ട് ഞെട്ടുകയും അസ്വസ്ഥനാവുകയും ചെയ്തു. ഇനിയൊരിക്കലും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനെ കുറിച്ച് ചി​ന്തിക്കുക പോലും ചെയ്യാത്ത രീതിയിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, എന്നിങ്ങനെയാണ് അക്ഷയ്കുമാർ ട്വിറ്ററിൽ കുറിച്ചത്.



Sharing is Caring