ഇടതുമുന്നണിയുടെ നേത്യത്വത്തിൽ ഇന്ന് നടത്തുന്ന രാജ്ഭവൻ മാർച്ചിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാർച്ചിൽ സർക്കാർ ജീവനക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് ഹർജി.
സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണർക്കെതിരെ സമരം ചെയ്യുന്നതിൽ നിന്ന് സർക്കാർ ജീവനക്കാരെ തടയണമെന്നാണാവശ്യം. ഇത്തരം സമരത്തിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് നിയമ വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. ഹാജർ ഉറപ്പ് വരുത്തിയാണ് ഇത്തരത്തിൽ ജീവനക്കാരെ പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, ഇടത് സർക്കാരിൻ്റെ അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെ ബിജെപി ഇന്ന് മുതൽ നവംബർ 30 വരെ സംസ്ഥാനത്ത് ഗൃഹസമ്പർക്കയജ്ഞം നടത്തുമെന്ന് ബിജെപി നേതൃത്വം പറഞ്ഞു. ഗവർണർക്കെതിരായി ഇടതുമുന്നണി നടത്തുന്ന സമരത്തിന്റെ യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും നേതൃത്വം വ്യക്തമാക്കി.













