ഷംസീറിനെതിരെ കെ കെ രമ പരാതി നല്‍കി

തിരുവനന്തപുരം: വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ എന്‍ ഷംസീറിനെതിരെ കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി. ടി പി വധക്കേസില്‍ കോടതി ശിക്ഷിച്ച പ്രതി കിര്‍മാണി മനോജുമായി ഷംസീര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആര്‍ എം പി നേതാക്കള്‍ തന്നെ ടെലിഫോണ്‍ രേഖകള്‍ സഹിതം കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ള സി പി എം നേതാക്കള്‍ പ്രതിരോധവുമായി എത്തിയിരുന്നു. കിര്‍മാണി മനോജിനെ ഷംസീര്‍ ഫോണ്‍ ചെയ്ത വരത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കെ കെ രമ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇമെയില്‍ വഴി ലഭിച്ച പരാതി ടി പി വധത്തിലെ ഗൂഢാലോചന അന്വേഷിച്ച സംഘത്തിന് കൈമാറുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.
ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് തലേന്നും മൂന്നാഴ്ച മുമ്പും ഷംസീര്‍ കിര്‍മാണി മനോജുമായി സംസാരിച്ചിരുന്നതിന് തെളിവുകളുണ്ടെന്നും ഷംസീര്‍ ഇടനിലക്കാരന്‍ മാത്രമാണെന്നും അതിന് മുകളിലുള്ളവരെയാണ് പുറത്തുകൊണ്ടുവരേണ്ടതെന്നും കെ കെ രമ ആവശ്യപ്പെട്ടു. ഷംസീര്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് ജനങ്ങളോട് മാപ്പുപറയണമെന്നും രമ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *