ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2004-ല്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം കൊല്‍ക്കത്ത, തെലങ്കാന, ഹൈദരാബാദ്, ചത്തീസ്ഗഢ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്നു.
വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ കൊച്ചി നഗരസഭയുടെ ഭാഗത്ത് വീഴ്ചയുണ്ടായപ്പോള്‍ തന്റെ വസതിക്കു മുന്നിലെ ഓട വൃത്തിയാക്കാന്‍ തൂമ്പയുമായി നേരിട്ടിറങ്ങിയിട്ടുണ്ട് അദ്ദേഹം. പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലും കേസെടുത്ത് നീതി ഉറപ്പാക്കിയ ന്യായാധിപനായിരുന്നു.

അഭിഭാഷകരും കൊല്ലം സ്വദേശികളുമായ എന്‍. ഭാസ്‌കരന്‍ നായരുടെയും എന്‍. പാറുക്കുട്ടി അമ്മയുടെയും മകനാണ്. 1983-ല്‍ അഭിഭാഷകനായി തിരുവനന്തപുരത്ത് പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം 1988-ല്‍ പ്രാക്ടീസ് ഹൈക്കോടതിയിലേക്ക് മാറ്റി. 2004 ഒക്ടോബര്‍ 14-നാണ് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനാകുന്നത്.













