അരിക്കൊമ്പന്‍ ദൗത്യം വനംവകുപ്പിന്റെ പരാജയപ്പെട്ട പരീക്ഷണമെന്ന് ജോസ് കെ മാണി

അരിക്കൊമ്പന്‍ ദൗത്യം വനംവകുപ്പിന്റെ പരാജയപ്പെട്ട പരീക്ഷണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. വരുത്തിവച്ച ദുരന്തമെന്ന് അദ്ദേഹം പ്രതികരിച്ചു. തമിഴ്‌നാട്ടിലെ കമ്പം ടൗണില്‍ ആരിക്കൊമ്പന്‍ എത്തിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആനയെ ഇത്തരത്തില്‍ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളില്‍ അടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്ന് ജോസ് കെ മാണി പറഞ്ഞു.

വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ പരാജയപ്പെട്ട തീരുമാനം എന്ന് പറയാനാകില്ലെന്ന് വനമവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. തീരുമാനം കോടതി നിര്‍ദേശം പാലിച്ചാണ് നടപ്പാക്കിയത്. ഉള്‍വനത്തിലേക്ക് അയച്ചത് വനംവകുപ്പ് ആശയമല്ല. നിലവിലെ സ്ഥിതിക്ക് കാരണം ആന പ്രേമികളാണ്. തമിഴ്‌നാടിന് ഉചിതമായ തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ന് രാവിലെയാണ് അരിക്കൊമ്പന്‍ കുമളിക്കു സമീപം അതിര്‍ത്തി കടന്ന് കമ്പം ടൗണിലെത്തിയത്.

ആന കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഓട്ടോറിക്ഷകളും അരിക്കൊമ്പന്‍ തകര്‍ത്തു. അരിക്കൊമ്പന്‍ കമ്പംമേട്ട് ഭാഗത്തേക്കാണു നീങ്ങുന്നത്. റോഡിന് സമാന്തരമായി തെങ്ങിന്‍തോപ്പുകളിലൂടെയാണ് ആനയുടെ നീക്കം. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *