ടെന്നിസിയിലുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ജോ ബൈഡന്‍


അമേരിക്കയിലെ ടെന്നിസിയിലുണ്ടായ വെടിവെപ്പില്‍ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡന്‍. ഇതൊരു രോഗമാണെന്ന് വെടിവെപ്പിനെക്കുറിച്ച് ജോ ബൈഡന്‍ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണത്തിനെതിരെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുകയാണ് ചെയ്യുന്നതെന്നും ജോ ബൈഡന്‍ പറഞ്ഞു.
ഇതൊരു അസുഖമാണ്. എന്താണ് എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. കുട്ടികളല്ലാതെ നിരവധി ആളുകളുണ്ടെന്ന് അറിയാം. ഇത് ഹൃദയഭേദകമാണ്.


കുടുംബത്തിന്റെ പേടിസ്വപ്നമായിപ്പോയി, ബൈഡന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തോക്ക് അക്രമം തടയാന്‍ ഞങ്ങള്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട്. ഇത് നമ്മുടെ സമൂഹങ്ങളെ ശിഥിലമാക്കുന്നു, ഈ രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുന്നു. നമ്മുടെ സ്‌കൂളുകള്‍ ജയിലുകളായി മാറാതിരിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.


വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൂന്ന് കുട്ടികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്. നാഷ്‌വില്ലിയിലെ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ നിരവധി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമി 28 കാരിയായ ഓഡ്രി ഹേല്‍ എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അക്രമിയെ വധിച്ചെന്ന് നാഷ്‌വില്ലി പൊലീസ് അറിയിച്ചു.

പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സംഭവസമയത്ത് 200ഓളം കുട്ടികള്‍ സ്‌കൂളിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയില്‍ വെടിവെപ്പ് സര്‍വ്വ സാധാരണമായ സംഭവമായിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് വ്യത്യസ്ഥ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.



Sharing is Caring