കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കം സജീവമാക്കി ബിജെപി. നിയമസഭയിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി പ്രഖ്യാപിച്ചു. പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് സർക്കാരിനെതിരെ നിയമസഭയില്‍ ഒന്നിച്ച് നിൽക്കാനാണ് ജെഡിഎസ്സിന്റെ തീരുമാനം. അതേസമയം ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. സഖ്യം വേണോ എന്ന കാര്യം അപ്പോൾ ആലോചിക്കാം. ഇപ്പോൾ സംസ്ഥാനത്തിന് വേണ്ടി ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.പ്രഖ്യാപനത്തിന് മുന്‍പ് ജെഡിഎസ് എംഎല്‍എമാരുടെ സംഘം എച്ച് ഡി ദേവഗൗഡയെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കാൻ എച്ച് ഡി ദേവഗൗഡ തന്നെ ചുമതലപ്പെടുത്തിയതായി എച്ച് ഡി കുമാരസ്വാമി യോഗത്തിൽ അറിയിച്ചു.













