കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ കേന്ദ്രത്തെ പഴിച്ച് ധനമന്ത്രി


കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ പഴിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ധനമന്ത്രി പറയുന്നത്. കേന്ദ്ര നയങ്ങള്‍ക്കൊപ്പം എണ്ണ വിലക്കയറ്റവും കെഎസ്ആര്‍ടിസിയെ ബാധിച്ചു. നികുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാത്തതടക്കം വിഷയങ്ങള്‍ കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് കാരണമായെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.


കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി സര്‍ക്കാര്‍ സഹായം നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.കെഎസ്ആര്‍ടിസിക്ക് മുന്‍പ് ഇത്തരത്തില്‍ സഹായങ്ങള്‍ വേണ്ടിവന്നിരുന്നില്ല. എണ്ണ വിലക്കയറ്റം, കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ എന്നിവയെല്ലാമായി പിന്നീട് കെഎസ്ആര്‍ടിസി പ്രതിസന്ധിയിലായി. കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങളാണ് പൊതുമേഖലയെ ആകെ ബാധിക്കുന്നത്.
കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.


സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പിന്തുണ നല്‍കുകയുമാണ് ചെയ്യുന്നതെന്നും കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തില്‍നിന്ന് മുന്‍പ് സംസ്ഥാനത്തിനു ലഭിച്ചിരുന്ന നികുതി വിഹിതം ഇപ്പോള്‍ ലഭിക്കുന്നില്ല. അത് ലഭിച്ചാല്‍ത്തന്നെ പ്രതിവര്‍ഷം 20,000 കോടി രൂപ അധിക വരവുണ്ടാകും. ഈ പണം കേരളത്തിന് ലഭിക്കുന്നില്ലെന്നും ധനമന്ത്രി മന്ത്രി പറഞ്ഞു.കെഎസ്ആര്‍ടിസിക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും കെട്ടിടങ്ങള്‍ പണിയുന്നതിനുമായി മൂലധന നിക്ഷേപമടക്കം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്നുമുണ്ടാവണമെന്നും ധനമന്ത്രി പറഞ്ഞു.



Sharing is Caring