
കോഴിക്കോട്: ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് വിൽപ്പന നടത്തിയതിന് തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്ന് ചിത്രകാരി കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനി ജസ്ന സലീം. ഹിന്ദു-ഇസ്ലാം തീവ്രവാദ ഗ്രൂപ്പുകൾ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. തന്നെ ഹണി ട്രാപ്പുകാരിയായി ചിത്രീകരിക്കാനുള്ള ശ്രമത്തെ തുടർന്ന് ആത്മഹത്യക്ക് വരെ ശ്രമിച്ചു. എന്നിട്ടം സൈബർ ആക്രമണം അവസാനിപ്പിക്കുന്നില്ല. സത്യം എന്തെന്ന് തിരക്കാതെയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം. താൻ നൽകിയ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടയാളും ഇതിന് പിന്നിലുണ്ട്. മകന്റെ ചികിത്സാർത്ഥം കൗൺസിലിംഗിനായി എത്തിയ തന്നെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. കേസ് പൊലീസ് അട്ടിമറിച്ചതിനെത്തുടർന്നാണ് ഇയാൾ കുറ്റവിമുക്തനാക്കപ്പെട്ടത്. കേസ് അട്ടിമറിച്ചതിന് പിന്നിൽ ഒരു കോൺഗ്രസ് നേതാവാണെന്നും കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ജസ്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജസ്നയ്ക്ക് എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത സ്വാമി ഭദ്രാനന്ദ് അറിയിച്ചു. സൈബർ അധിക്ഷേപങ്ങൾക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകാനാണ് ജെസ്നയുടെ തീരുമാനം.
