മലയാളികളെ രസിപ്പിച്ച കലാഭവന്‍ മണി ഓര്‍മയായിട്ട് ഏഴ് വര്‍ഷം

നാടന്‍പാട്ടുകളും നര്‍മവുമായി മലയാളികളെ രസിപ്പിച്ച കലാഭവന്‍ മണി ഓര്‍മയായിട്ട് ഏഴ് വര്‍ഷം. മലയാള സിനിമയില്‍ കലാഭവന്‍ മണി എന്ന പ്രതിഭ ബാക്കിവച്ച്‌ പോയത് ഒരിക്കലും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളെയാണ്.

ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യഭാഷകള്‍ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി കയറുമ്ബോഴും തന്റെ നാടായ ചാലക്കുടിയെയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്നു. ദാരിദ്ര്യത്തിന്റെ ദിനങ്ങളില്‍നിന്ന് ആരാധകമനസ്സിന്റെ സ്നേഹ സമ്ബന്നതയിലേക്കാണ് മണിയെന്ന അതുല്യ പ്രതിഭ നടന്നുകയറിയത്.

തെലുഗ്, കന്നട, തമിഴ്, മലയാളം ഭാഷകളിലായി ഇരുനൂറോളം സിനിമ. ഹാസ്യതാരമായും സഹനടനായും നായകനായും വില്ലനായും പല പല പകര്‍ന്നാട്ടങ്ങള്‍. തൃശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശിയായ മണി കൊച്ചിന്‍ കലാഭവന്‍ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് എത്തിയത്. അക്ഷരം എന്ന ചലച്ചിത്രത്തിലൂടെ ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ സിനിമയിലെത്തിയെങ്കിലും സല്ലാപത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. പിന്നീട് നായകവേഷങ്ങളിലെത്തിയ മണി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തോടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *