ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്ക് നേരെ ആക്രമണം ശക്തമാക്കി ഇസ്രായേല്‍ സേന


ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്ക് നേരെ ആക്രമണം ശക്തമാക്കി ഇസ്രായേല്‍ സേന. ഇതോടെ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുളളവര്‍ ജീവശ്വാസത്തിനായി പിടയുന്ന അവസ്ഥയാണ് ഗാസയില്‍.ആശുപത്രിയുമായുളള ആശയ വിനിമയം നഷ്ടമായതായി ലോകാരോഗ്യ സംഘടന എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഗാസയിലെ മറ്റ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രായേല്‍ സേന ആക്രമണം.അല്‍ ഷിഫ ആശുപത്രി സമുച്ചയം പൂര്‍ണമായും വളഞ്ഞ ഇസ്രായേല്‍ സേന ശക്തമായ ആക്രണമാണ് നടത്തുന്നത്. ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.


ഇന്ധനം തീര്‍ന്ന് ജനറേറ്ററുകള്‍ നിലച്ചതോടെ മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുകയും ചെയ്തു. 39 നവജാത ശിശുക്കളാണ് ഇന്‍ക്യുബേറ്ററില്‍ ഉളളത്. അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പടെ ആയിരത്തി അഞ്ഞൂറിലധികം രോഗികള്‍ വേറെയുമുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും അഭയാര്‍ത്ഥികളും കൂടി ഉള്‍പ്പെടുമ്പോള്‍ ഇവിടെയുളളവരുടെ എണ്ണം ഇരുപതിനായിരം കവിയും.


അത്യാഹിത വിഭാഗത്തിലുളള രോഗികള്‍ മരണത്തിന് കീഴടങ്ങി തുടങ്ങിയതായി ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ആശുപത്രിയുമായുളള ആശയ വിനിമയം പൂര്‍ണമായും നഷ്ടമായതായി ലോകാരോഗ്യ സംഘടന അറിയിച്ചു. അതുകൊണ്ട് തന്നെ നിലവിലെ അവസ്ഥ അറിയാന്‍ കഴിയാത്ത സാഹചര്യമാണുളളത്



Sharing is Caring