ഐക്യരാഷ്ട്രവികസന പദ്ധതിയുടെ ഗാസയിലെ ഓഫീസിനുനേരെ ഇസ്രയേല്‍ ബോംബാക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഒട്ടേറെ അഭയാര്‍ഥികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യു.എന്‍.ഡി.പി. തലവന്‍ അചിം സ്റ്റെയ്നറാണ് ഇക്കാര്യം അറിയിച്ചത്. സാധാരണക്കാര്‍ക്കുനേരെയും സ്ഥാപനങ്ങള്‍ക്കുനേരെയും ഇസ്രയേല്‍ ആക്രമണം അഴിച്ചുവിടുകയാണ്.അതേസമയം, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍- ഷിഫയില്‍നിന്ന് ശിശുക്കളെ ഒഴിപ്പിക്കാന്‍ അവസരം നല്‍കാമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
കടുത്ത ഏറ്റമുട്ടല്‍ നടക്കുന്ന മേഖലയിലെ ആശുപത്രിയില്‍ രണ്ടു നവജാതശിശുക്കള്‍ മരിച്ചെന്നും ഇന്ധനക്ഷാമം മൂലം നിരവധിപ്പേര്‍ അപകടാവസ്ഥയിലാണെന്നു പലസ്തീന്‍ അധികൃതര്‍ പറഞ്ഞിരുന്നു.വിദേശ പാസ്പോര്‍ട്ട് ഉള്ളവര്‍ക്കായി ഗാസയിലെ ബോഡര്‍ അതോറിറ്റി റാഫ അതിര്‍ത്തി ഇന്നലെ വീണ്ടും തുറന്നു. വെള്ളിയാഴ്ച അതിര്‍ത്തി അടച്ചിരുന്നു.അതിനിടെ, ഹമാസിനു വടക്കന്‍ ഗാസയുടെ നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു. എന്നാല്‍, 25 വാഹനങ്ങളടക്കം ഇസ്രയേല്‍ സൈന്യത്തിന്റെ 160 സംവിധാനങ്ങള്‍ ഭാഗികമായി തകര്‍ത്തെന്നു ഹമാസ് അവകാശപ്പെട്ടു.

ഗാസയില്‍ അഞ്ചു സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ 46 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.ഒക്ടോബര്‍ 7 മുതല്‍ കഴിഞ്ഞ വെള്ളിയാഴ്ച വരെ 11,078 ഗാസ നിവാസികള്‍ കൊല്ലപ്പെട്ടതായാണ് പലസ്തീനിയന്‍ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതില്‍ 40 ശതമാനം കുട്ടികളാണ്.













