ഗാസയിൽ ഭക്ഷണം കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ വെടിയുതിർത്തു

കൊടുപട്ടിണിയും പകർച്ചവ്യാധിയും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗാസയിൽ ഭക്ഷണം കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ വെടിയുതിർത്തു. രാവിലെ വടക്കന്‍ ഗാസയിലെ പ്രധാനനഗരമായ ഗാസാസിറ്റിയിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍ കാത്തുനിന്നവര്‍ക്കുനേരേ ഉണ്ടായ വെടിവെപ്പിൽ 104 പേര്‍ കൊല്ലപ്പെട്ടു. എഴുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു.ഗാസാ സിറ്റിയില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യമായ ആംബുലന്‍സുകള്‍ പോലുമില്ലായിരുന്നെന്നും സംഭവ സ്ഥലത്തെത്തിയ കമാല്‍ അദ്‌വാന്‍ ആശുപത്രി വക്താവ് ഫാരിസ് അഫാന പറഞ്ഞു.

പലരെയും കഴുതവണ്ടിയില്‍ കയറ്റിയാണ് ആശുപത്രിയിലാക്കിയത്.യുദ്ധക്കുറ്റങ്ങളുടെ ചരിത്രത്തിലെത്തന്നെ അസാധാരണമായ കൂട്ടക്കൊലയാണ് നടന്നതെന്ന് ഹമാസ് ആരോപിച്ചു. പലസ്തീന്‍കാരെ അവരുടെ ഭൂമിയില്‍ നിന്ന് പൂര്‍ണമായും കുടിയൊഴിപ്പിക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളുടെ ഭാഗമാണ് നടപടിയെന്നും കുറ്റപ്പെടുത്തി. അതേസമയം ഭക്ഷണവിതരണകേന്ദ്രത്തിലെ ആക്രമണത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ഇസ്രയേല്‍സൈന്യം അറിയിച്ചു.

ഇസ്രയേലിന്റെ യുദ്ധടാങ്കുകള്‍ക്ക് സമീപത്തേക്കാണ് ദുരിതാശ്വാസ സാധനങ്ങളുമായി ട്രക്കുകള്‍ എത്തിയതെന്നും ഭക്ഷണത്തിനായി ടാങ്കുകള്‍ക്ക് തൊട്ടടുത്തേക്ക് ആള്‍ക്കൂട്ടം ഇരച്ചെത്തിയപ്പോള്‍ സൈന്യത്തിന് ഭീഷണിയാകും എന്നു തോന്നിയാണ് വെടിയുതിര്‍ത്ത് എന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ആയിരക്കണക്കിനാളുകള്‍ അങ്ങോട്ട് പാഞ്ഞടുക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.ഇസ്രയേലിന്റെ കൂട്ടക്കൊലയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു.

സഹായത്തിനായി കാത്തുനിന്ന 104 പേരെ ഇസ്രായേൽ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് ഗുട്ടറസ് ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ പുതിയ അധ്യായം ഞെട്ടലോടെയാണ് നോക്കി കാണുന്നത്. ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ പാലസ്തീനിൽ വെടിനിർത്തൽ അത്യാവശ്യമാണ്. നിരുപാധികമായി ബന്ദികളെ വിട്ടയക്കുകയും വേണം. ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ സെക്യൂരിറ്റി കൗൺസിലിന് കഴിയുമെന്നും ഗുട്ടറസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *