ഐപിഎല്‍;ആദ്യ ക്വാളിഫയറില്‍ ചെന്നൈ ഗുജറാത്തിനെ നേരിടും

ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. (csk gujarat titans qualifier)

ടൂര്‍ണമെൻ്റിൻ്റെ തുടക്കത്തില്‍ ബാറ്റര്‍മാരെ തുണച്ചിരുന്ന പിച്ച്‌ ടൂര്‍ണമെൻ്റ് പുരോഗമിക്കും തോറും സ്പിൻ ഫ്രണ്ട്ലി ആയിക്കൊണ്ടിരിക്കുകയാണ്. മൊയീൻ അലി, മഹീഷ് തീക്ഷണ, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരെ സുനില്‍ നരേൻ, വരുണ്‍ ചക്രവര്‍ത്തി, സുയാഷ് ശര്‍മ എന്നീ സ്പിന്നര്‍മാരെ ഉപയോഗിച്ച്‌ കൗണ്ടര്‍ ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 6 വിക്കറ്റിന് ചെന്നൈയെ കീഴടക്കിയത് ഈ മാസം 14നാണ്.

നൂര്‍ അഹ്‌മദ്, റാഷിദ് ഖാൻ എന്നീ രണ്ട് ലോകോത്തര സ്പിന്നര്‍മാര്‍ക്കൊപ്പം വേണമെങ്കില്‍ സായ് കിഷോറിനെക്കൂടി ഇറക്കാൻ കഴിയുന്ന ഫ്ലെക്സിബിലിറ്റി ഉണ്ടെന്നതാണ് ഗുജറാത്തിൻ്റെ കരുത്ത്. ചെന്നൈയുടെ അടുത്ത സ്പിൻ ഓപ്ഷൻ വിദേശ താരമായ മിച്ചല്‍ സാൻ്റ്നറാണ്. കടലാസില്‍ ഗുജറാത്ത് തന്നെ കരുത്തര്‍. എന്നാല്‍, എംഎസ് ധോണി എന്ന നായകനും എക്സ്പ്ലോസീവായ ബാറ്റിംഗ് നിരയും മാര്‍വല്‍ കഥാപാത്രം ഹള്‍ക്കിനെപ്പോലെ ‘സ്‌മാഷ്’ എന്ന കമാൻഡ് അക്ഷരം പ്രതി അനുസരിക്കുന്ന സ്പിൻ കില്ലര്‍ ശിവം ദുബെയും കൂടിച്ചേരുമ്ബോള്‍ ചെന്നൈ കരുത്തുറ്റ എതിരാളികളാവും.

സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിക്കുന്നവരാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് നിരയിലെ ആദ്യ നാലു പേര്‍. ഗെയ്ക്‌വാദ്, കോണ്‍വെ, രഹാനെ, ദുബെ. ഇതില്‍ ആരെങ്കിലും രണ്ടുപേര്‍ ഫോമായാല്‍ ചെന്നൈ സെയ്ഫ് ആയി. ഫോമിലേക്കെത്തിക്കൊണ്ടിരിക്കുന്ന ചഹാറിനൊപ്പം എക്കണോമി മെച്ചപ്പെടുത്തിയ തുഷാര്‍ പാണ്ഡെയും ഡെത്ത് ഓവര്‍ വീരൻ മതീഷ പതിരനയും ചെന്നൈ ബൗളിംഗ് നിരയെ കരുത്തുറ്റതാക്കുന്നുണ്ട്. മിസ്റ്ററി സ്പിന്നര്‍ മഹീഷ് തീക്ഷണയും രവീന്ദ്ര ജഡേജയും മൊയീൻ അലിയും അടങ്ങുന്ന സ്പിൻ ഓപ്ഷനും വൈവിധ്യമുള്ളതാണ്.

ഗുജറാത്തില്‍ ശുഭ്മൻ ഗില്‍ തന്നെയാവും നിര്‍ണായക പ്രകടനം നടത്തുക. സ്പിന്നര്‍മാര്‍ക്കെതിരെയും പേസര്‍മാര്‍ക്കെതിരെയും ഒരുപോലെ ഡോമിനൻ്റ് ആണ് ഗില്‍. ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍ എന്നിവരും സ്പിൻ ബൗളിംഗിനെ കൗണ്ടര്‍ ചെയ്യാൻ കഴിവുള്ളവരാണ്. വിജയ് ശങ്കറിനു പകരം സായ് സുദര്‍ശൻ കളിച്ചേക്കാനിടയുണ്ട്. സ്വീപ്പ് ഷോട്ടുകള്‍ നന്നായി കളിക്കുന്ന സുദര്‍ശൻ വിജയ് ശങ്കറിനെക്കാള്‍ സ്പിന്നിനെതിരെ നല്ല താരമാണ്. ഗുജറാത്തിൻ്റെ ബൗളിംഗ് എടുത്തുപറയേണ്ടതില്ല. ടൂര്‍ണമെൻ്റിലെ ഏറ്റവും ശക്തമായ നിര.

Spread the love

Leave a Reply

Your email address will not be published. Required fields are marked *