ഇൻസ്പെക്ടർ പി.ആർ സുനു നേരിട്ട് ഹാജരായില്ല;പുറത്താക്കാനുള്ള നടപടിയുമായി ഡിജിപി


പീഡനക്കേസിലടക്കം പ്രതിയായി പിരിച്ചുവിടല്‍ നടപടി നേരിടുന്ന ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനു ഇന്ന് ഡി.ജി.പിക്ക് മുന്നിൽ ഹാജരായില്ല. ചികിത്സയിലാണെന്നും സാവകാശം വേണമെന്നും നോട്ടീസിന് മറുപടി നൽകി.തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.പിരിച്ചു വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് ബോധിപ്പിക്കാൻ ഇന്നു പൊലീസ് ആസ്ഥാനത്തു നേരിട്ട് ഹാജരാകണം എന്നായിരുന്നു പി.ആർ.സുനുവിന് ഡിജിപി നൽകിയ നിർദേശം.എന്നാൽ ഡിജിപിയുടെ നോട്ടീസിന് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി മറ്റൊരു ദിവസം അനുവദിക്കണമെന്ന് മറുപടി നൽകി.ഇതോടെ പിരിച്ചു വിടലിനായുള്ള തുടർനടപടിയിലേക്ക് കടക്കാൻ ആഭ്യന്തര വകുപ്പും തീരുമാനിച്ചു.


പി.ആർ സുനുവിനെതിരെ പൊലീസ് സേനയിലെ ഏറ്റവും ഗൗരവമുള്ള ശിക്ഷയായ പിരിച്ചുവിടല്‍ വേണമെന്നായിരുന്നു ഡി.ജി.പി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്.ആറ് ക്രിമിനല്‍ കേസുകളില്‍ സുനു ഇപ്പോള്‍ പ്രതിയാണ്. അതില്‍ നാലെണ്ണം സ്ത്രീപീഡനക്കേസുകളാണ്.ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പ് തല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടിട്ടുണ്ട്.




Sharing is Caring