ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ച ആവേശത്തില്‍ ഇന്ത്യ ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്ബരയിലെ മൂന്നാം അങ്കത്തിന് ചൊവ്വാഴ്ച ഇറങ്ങുന്നു.അഞ്ച് മത്സര പരമ്ബരയിലെ ഇന്നത്തെ കളി ജയിച്ചാല്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിനും പരമ്ബര സ്വന്തമാകും.രാത്രി ഏഴിനാണ് കളി തുടങ്ങുക. സീനിയര്‍ കളിക്കാര്‍ക്ക് വിശ്രമം നല്‍കി ടീമിനെ യുവനിരയെ ഏല്‍പിച്ച ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് വിശാഖപട്ടണത്തും തിരുവനന്തപുരത്തും കണ്ടത്. ആദ്യ കളിയില്‍ ഓസീസ് ഉയര്‍ത്തിയ 209 റണ്‍സ് ലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തില്‍ എത്തിപ്പിടിച്ചപ്പോള്‍ കാര്യവട്ടത്ത് 235 റണ്‍സെന്ന റെക്കോഡ് സ്കോര്‍ നേടി 44 റണ്‍സ് ജയവും കൈപ്പിടിയിലൊതുക്കി.
ബാറ്റര്‍മാരെല്ലാം മികച്ച ഫോമിലാണെന്നതാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. ഇഷാൻ കിഷൻ രണ്ട് കളിയിലും അര്‍ധശതകം സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ തിളങ്ങിയ സൂര്യ രണ്ടാമത്തെതില്‍ എളുപ്പത്തില്‍ മടങ്ങിയെങ്കിലും ഓപണര്‍മാരായ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക് വാദും മിന്നി. ഫിനിഷറുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ട് റിങ്കു സിങ്. ബൗളര്‍മാരുടെ പ്രകടനവും എടുത്തുപറയണം. പേസര്‍ പ്രസിദ്ധ് കൃഷ്ണയും സ്പിന്നര്‍ രവി ബിഷ്ണോയിയും ഓസീസിന് വെല്ലുവിളി സൃഷ്ടിച്ചു. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിച്ച് കിരീടം നേടിയ ആസ്ട്രേലിയ ഫൈനലിലടക്കം കളിച്ച ഓള്‍ റൗണ്ടര്‍ ഗ്ലെൻ മാക്‌സ്‌വെല്‍, മധ്യനിര ബാറ്റര്‍ സ്റ്റീവ് സ്മിത്ത്, സ്പിന്നര്‍ ആഡം സ്മിത്ത് എന്നിവരെ അണിനിരത്തിയിട്ടും കാര്യവട്ടത്ത് രക്ഷയുണ്ടായില്ല. ഇന്നത്തെ മത്സരം ജയിച്ച് പരമ്ബരയില്‍ പ്രതീക്ഷ നിലനിര്‍ത്താനാണ് ആസ്ട്രേലിയയുടെ ശ്രമം.

ടീം ഇവരില്‍ നിന്ന്:
ഇന്ത്യ -സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാൻ കിഷൻ, തിലക് വര്‍മ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍, ആവേഷ് ഖാൻ, ശിവം ദുബെ, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ആസ്ട്രേലിയ -മാത്യു വെയ്ഡ് (ക്യാപ്റ്റൻ), മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, ജോഷ് ഇൻഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, സീൻ അബോട്ട്, നതാൻ എല്ലിസ്, ആഡം സാംപ, തൻവീര്‍ സംഘ, ആരോണ്‍ ഹാര്‍ഡി, ജേസണ്‍ ബെഹ്‌റൻഡോര്‍ഫ്, ട്രാവിസ് ഹെഡ്, കെയ്ൻ റിച്ചാര്‍ഡ്‌സണ്‍.













