ഇന്ത്യക്ക് ലീഡ്-രാ​ഹുൽ പുറത്ത്

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ രണ്ടാാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ലീഡ്. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാൾ 9 റൺസ് മുന്നിലാണ് ഇന്ത്യ. 46 റൺസെടുത്ത ലോകേഷ് രാഹുലിൻ്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് (47), പൂജാര (14) എന്നിവർ ക്രീസിൽ തുടരുകയാണ്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് അപരാജിതമായ 25 റൺസാണ് ഇതുവരെ കൂട്ടിച്ചേർത്തിരിക്കുന്നത്.

ആദ്യ ഇന്നിംഗ്സിലെ മോശം പ്രകടനം മാറ്റിവച്ച് മികച്ച രീതിയിലാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഇംഗ്ലണ്ടിനെ നേരിട്ടത്. സ്കോറിംഗ് വേഗത കുറവായിരുന്നെങ്കിലും വിക്കറ്റ് നഷ്ടപ്പെടാതിരിക്കാൻ ഓപ്പണർമാർ ശ്രദ്ധിച്ചു. രോഹിത് പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോൾ രാാഹുൽ അല്പം കൂടി ആക്രമണ സ്വഭാവം കാണിച്ചു. 83 റൺസാണ് ഓപ്പണർമാർ ആദ്യ വിക്കറ്റിൽ പടുത്തുയർത്തിയത്. ഒടുവിൽ ഫിഫ്റ്റിക്ക് 4 റൺസ് അകലെ രാഹുൽ ആൻഡേഴ്സണിൻ്റെ പന്തിൽ വീണു. മൂന്നാം നമ്പറിലെത്തിയ പൂജാര പതിവിനു വിപരീതമായി ആക്രമിച്ചു കളിച്ചു. ഒരു വിക്കറ്റ് കൂടി നഷ്ടപ്പെടാതെ പിന്നീട് ഇന്ത്യ ഉച്ചഭക്ഷണത്തിൽ എത്തുകയായിരുന്നു.

രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസാണ് നേടിയിരുന്നത്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 191 റൺസിനു പുറത്തായിരുന്നു. ഇംഗ്ലണ്ട് ഇന്നിംഗ്സിനെക്കാൾ 99 റൺസ് പിന്നിൽ നിന്ന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ ചേർന്ന് നൽകിയത്. ഇംഗ്ലണ്ട് നന്നായി പന്തെറിഞ്ഞെങ്കിലും രോഹിതും രാഹുലും ശ്രദ്ധയോടെ ബാറ്റ് ചെയ്ത് രണ്ടാം ദിനം പൂർത്തിയാക്കുകയായിരുന്നു.

81 റൺസെടുത്ത ഒലി പോപ്പാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ക്രിസ് വോക്സും (50) ഇംഗ്ലണ്ടിനായി ഫിഫ്റ്റിയടിച്ചു. ജോണി ബെയർസ്റ്റോ (37) മൊയീൻ അലി (35), ഡേവിഡ് മലാൻ (31) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്കും രവീന്ദ്ര ജഡേജയ്ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്. ഒരു ഘട്ടത്തിൽ 62/5 എന്ന നിലയിൽ പതറിയ ഇംഗ്ലണ്ട് അവിടെനിന്ന് കരകയറിയാണ് ലീഡ് നേടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *