ഇന്ത്യ-ന്യൂസിലന്‍ഡ് അവസാന ട്വന്റി20 മത്സരം ഇന്ന്

2023ല്‍ തുടര്‍ച്ചയായ ആറ് ഏകദിനങ്ങള്‍ ജയിച്ച്‌ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം, ഫോര്‍മാറ്റും നായകനും മുന്‍നിരയും മാറിയപ്പോള്‍ ആദ്യമായി തോല്‍വി രുചിക്കുകയുണ്ടായി.

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തില്‍ 21 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയെങ്കിലും രണ്ടാമത്തെ കളി ജയിച്ച്‌ പരമ്ബര 1-1ലാക്കിയ ഹാര്‍ദിക് പാണ്ഡ്യയും സംഘവും ബുധനാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത് വിജയം മാത്രം ലക്ഷ്യമിട്ടാണ്. മറിച്ചാണ് ഫലമെങ്കില്‍ ഇക്കൊല്ലത്തെ ആദ്യ പരമ്ബര തോല്‍വി മാത്രമല്ല ഇന്ത്യയെ കാത്തിരിക്കുന്നത്.

പതിറ്റാണ്ടിനിടെ നാട്ടില്‍ അപൂര്‍വമായി മാത്രം പരമ്ബരകള്‍ നഷ്ടപ്പെട്ട ടീം ഇന്ത്യക്ക് അതൊരു തിരിച്ചടിയുടെ ചരിത്രവും കിവികള്‍ക്ക് വലിയ നേട്ടവുമാവും. 2013 മുതല്‍ സ്വന്തം രാജ്യത്ത് ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലുമായി 55 പരമ്ബരകള്‍ കളിച്ചതില്‍ 47ഉം ഇന്ത്യക്ക് ജയിക്കാനായി. 2015ല്‍ ദക്ഷിണാഫ്രിക്കയും 2019ല്‍ ആസ്ട്രേലിയയും വിജയിച്ചതു മാത്രം അപവാദം.

ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ താളം കണ്ടെത്താത്തതാണ് പ്രധാന തലവേദന. ഏകദിന മത്സരങ്ങളില്‍ ഇരട്ട ശതകമടക്കം റണ്‍സ് വാരിക്കൂട്ടിയ ശുഭ്മന്‍ ഗില്‍ രണ്ടു ട്വന്റി20കളിലും നേരത്തേ മടങ്ങി. ബംഗ്ലാദേശിനെതിരെ ഏകദിനത്തില്‍ 200ഉം കടന്ന പ്രകടനം കഴിഞ്ഞ് ഇഷാന്‍ കിഷനും റണ്‍സ് കണ്ടെത്താനാവാതെ വിഷമിക്കുന്ന കാഴ്ച. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലുമില്ലാത്ത ബാറ്റിങ് നിരയുടെ പ്രതീക്ഷ അല്‍പമെങ്കിലും കാത്തത് മധ്യനിര മാത്രം. ഗില്ലിനെയോ ഇഷാനെയോ ബെഞ്ചിലിരുത്തി പൃഥ്വി ഷാക്ക് അവസരം നല്‍കുന്നതിനെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രാഹുല്‍ ത്രിപാഠിയുടെ സ്ഥാനവും സുരക്ഷിതമല്ല.

ബൗളര്‍മാരുടെ മികവാണ് രണ്ടാം മത്സരത്തില്‍ വിജയമൊരുക്കിയതില്‍ പ്രധാനം. ഇന്ത്യ ഇന്ന് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം പേസര്‍ ഉമ്രാന്‍ മാലിക്കിനെ പരീക്ഷിച്ചുകൂടെന്നില്ല. റണ്ണൊഴുകാന്‍ സാധ്യതയുള്ള പിച്ചാണ് മോദി സ്റ്റേഡിയത്തിലേത്. മിച്ചല്‍ സാന്റ്നര്‍ നായകനായ ന്യൂസിലന്‍ഡിനെ സംബന്ധിച്ച്‌ ഏകദിനത്തിലെ തോല്‍വിക്ക് പ്രതികാരം ചെയ്ത് ട്വന്റി20 കിരീടവുംകൊണ്ട് മടങ്ങുകയെന്നത് അഭിമാനപ്രശ്നം കൂടിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *