ഏഷ്യ എമര്‍ജിങ് കപ്പ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ എ സെമിയിലേക്ക്. നേപ്പാളിനെ ഒമ്ബത് വിക്കറ്റിന് തകര്‍ത്തു.യാഷ് ദൂളിന്റെയും സംഘത്തിന്റെയും തുടര്‍ച്ചയായ രണ്ടാംജയമാണിത്. നേപ്പാളിനെ 167 റണ്ണിന് പുറത്താക്കിയ ഇന്ത്യ 22.1 ഓവറില്‍ അനായാസം ലക്ഷ്യംകണ്ടു. ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് (69 പന്തില്‍ 87) കളിയിലെ താരം.
സ്കോര്‍: നേപ്പാള്‍ 167 (39.2), ഇന്ത്യ 1–-172 (22.1).ആദ്യ കളിയില്‍ യുഎഇയെ തോല്‍പ്പിച്ച ഇന്ത്യ നേപ്പാളിനെതിരെ ഓള്‍റൗണ്ട് പ്രകടനം നടത്തി. നിഷാന്ത് സിന്ധു നാല് വിക്കറ്റ് വീഴ്ത്തി. രാജ്വര്‍ധൻ ഹൻഗര്‍ഗേക്കര്‍ മൂന്നും ഹര്‍ഷിത് റാണ രണ്ടും വിക്കറ്റ് പിഴുതു. ക്യാപ്റ്റൻ രോഹിത് പൗദെലാണ് (65) നേപ്പാളിന്റെ ടോപ്സ്കോറര്‍. മറുപടിയില്‍ ഇന്ത്യക്കായി ഓപ്പണര്‍മാരായ അഭിഷേകും സായ് സുദര്‍ശനും (52 പന്തില്‍ 58*) തകര്‍പ്പൻ കളി പുറത്തെടുത്തു. 19 ഓവറില്‍ 139 റണ്‍ ചേര്‍ത്തു ഇരുവരും. അഭിഷേക് രണ്ട് സിക്സറും 12 ഫോറും പായിച്ചു.

സായ് ഒരു സിക്സും എട്ട് ഫോറും. ധ്രുവ് ജുറെല്‍ 12 പന്തില്‍ 21 റണ്ണുമായി പുറത്താകാതെനിന്നു.മറ്റൊരു കളിയില്‍ പാകിസ്ഥാൻ യുഎഇയെ 184 റണ്ണിന് തോല്‍പ്പിച്ചു. ബി ഗ്രൂപ്പില്‍ നാല് പോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്. ഇതേ പോയിന്റുള്ള പാകിസ്ഥാൻ റണ്‍നിരക്കില്‍ രണ്ടാമതായി. നാളെ പാകിസ്ഥാൻ എയുമായാണ് ഇന്ത്യ എയുടെ അടുത്ത മത്സരം. ജയിച്ചാല്‍ സെമി ഉറപ്പിക്കാം.













