പ്രവേശന യോഗ്യതയില്ലാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍ ഇരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. നാല് ദിവസമാണ് വിദ്യാര്‍ത്ഥിനി അധികൃതര്‍ അറിയാതെ എംബിബിഎസ് ക്ലാസിലിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവംബര്‍ 29നാണ് ഒന്നാം വര്‍ഷ എംബിബിഎസ് ക്ലാസ് തുടങ്ങിയത്. 245 പേര്‍ക്കായിരുന്നു പ്രവേശനം ലഭിച്ചത്.
പ്രവേശന പട്ടികയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പേരില്ലെങ്കിലും ഹാജര്‍ പട്ടികയില്‍ പേരുണ്ട്. സംഭവത്തില്‍ ദുരൂഹതയേറെയാണെന്ന് പൊലീസ് പറയുന്നു. ഇന്നലെയാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്. മലപ്പുറം സ്വദേശിനിയാണ് എംബിബിഎസ് ക്ലാസില്‍ ഇരുന്നത് എന്നാണ് വിവരം.

ക്ലാസിലെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് തോന്നിയ സംശയമാണ് സംഭവങ്ങള്‍ പുറത്തറിയാന്‍ സഹായമായത്. എംബിബിഎസ് പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നുളള ചിത്രങ്ങള്‍ കോളജിലെ വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ വന്നിരുന്നു. ഇതില്‍ ഒരാളുടെ കാര്യത്തില്‍ കുട്ടികള്‍ തന്നെ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ആള്‍മാറാട്ടം നടന്നതായി തിരിച്ചറിഞ്ഞത്













