മകള്‍ക്ക് മുന്നില്‍ വച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം ; മകളുടെയും സുഹൃത്തിന്റെയും മൊഴിയെടുക്കുമെന്ന് പൊലീസ്

തിരുവനന്തപുരത്ത് മകള്‍ക്ക് മുന്നില്‍ വച്ച് അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മകള്‍ രേഷ്മയുടേയും സുഹൃത്തിന്റേയും മൊഴിയെടുക്കുമെന്ന് പൊലീസ്. ഇതിന് ശേഷം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

എഫ്‌ഐആറില്‍ ഈ പ്രതികളുടെ പേര് ഇതുവരെയും ചേര്‍ത്തിട്ടില്ല. ആക്രമണം നടത്തിയ കണ്ടാല്‍ അറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് നിലവില്‍ കാട്ടാക്കട പൊലീസ് കേസെടുത്തിരിക്കുന്നത്.
കയ്യേറ്റം ചെയ്യല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കോഴ്‌സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ചത്.

രേഷ്മയെ തള്ളി മാറ്റിയതിന് കേസെടുത്തിട്ടില്ല. യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അറസ്റ്റ് വൈകിപ്പിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുമെന്ന വിമര്‍ശനം ശക്തമാണ്. രേഷ്മയുടെ മൊഴി രേഖപ്പെടുത്തി കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചുമത്തണമെന്നാണ് ആവശ്യം ഉയരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *