നാഗാലാന്‍ഡില്‍ അഫ്‌സ്പ ആറ് മാസത്തേക്ക് നീട്ടി

കൊഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയ്ക്ക് വ്യാപകമായ അധികാരം നല്‍കുന്ന വിവാദ നിയമമായ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി. എവിടെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സൈന്യത്തിന് അധികാരങ്ങള്‍ നല്‍കുന്ന നിയമം പിന്‍വലിക്കണമെന്ന് നാഗാലാന്‍ഡിലെ അവകാശ സംഘടനകളും സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

അഫ്‌സ്പ നിലവില്‍ വരുന്ന ഒരു പ്രദേശത്തെ ഒരു സൈനികനെയും കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിചാരണ ചെയ്യാന്‍ കഴിയില്ലെന്നാണ് നിയമം പറയുന്നത്.ഡിസംബര്‍ 4 ന് നാഗാലാന്‍ഡില്‍ രാത്രി ഖനിയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 13 ഗ്രാമീണരെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഫ്‌സ്പയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്.

സംഭവത്തില്‍ സൈനികര്‍ക്കെതിരെ കൊലക്കുറ്റത്തിന് നാഗാലാന്‍ഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയും ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ അഫ്സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.സംഭവം വിവാദമായതോടെ ആക്രമണത്തില്‍ പങ്കെടുത്ത സൈനികരുടെ മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സൈന്യം അനുമതി നല്‍കിയിരുന്നു.

എന്നാല്‍, നാഗാലാന്‍ഡ് അഫ്സ്പയുടെ കീഴിലായതിനാല്‍ സംസ്ഥാനതല സംഘത്തിന്റെ അന്വേഷണം എങ്ങനെ മുന്നോട്ടുപോകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.ഡിസംബര്‍ 20ന് നാഗാലാന്‍ഡ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നാഗാലാന്‍ഡ് അസംബ്ലിയിലാണ് അഫ്‌സ്പ പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നത്. നാഗാലാന്‍ഡില്‍ നിന്ന് അഫ്‌സ്പ പിന്‍വലിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനായ വിവേക് ജോഷിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്.വളരെക്കാലമായി പ്രക്ഷുബ്ധ പ്രദേശമായി തുടരുന്ന നാഗാലാന്‍ഡില്‍ അഫ്സ്പ ഓരോ ആറ് മാസത്തിലും വര്‍ഷങ്ങളായി നീട്ടുന്ന സാഹചര്യമാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *