ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതിയായ ലൈല ഭഗവല്‍സിങ്ങിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസ് ആണ് ജാമ്യ ഹര്‍ജി തള്ളിയത്.ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതിയാണ് ഇലന്തൂര്‍ കാരംവേലി കടകംപള്ളി വീട്ടില്‍ ലൈല ഭഗവല്‍ സിങ്ങ്. നേരത്തെ ഇവരുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു.
തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യ ഹര്‍ജി നല്‍കിയത്. സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
എറണാകുളം കാലടി സ്വദേശിനി റോസ്ലിന്‍, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിനി പത്മ എന്നിവരെ ഒന്നാം പ്രതിയായ പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ പല കഷണങ്ങളാക്കി വീടിന്റെ പല ഭാഗത്ത് സംസ്‌കരിച്ചെന്നാണ് കേസ്.